വരവിൽ കവിഞ്ഞ സ്വത്ത്; ഗ്രാമപഞ്ചായത്ത് മുൻ അംഗത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
text_fieldsനീലേശ്വരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെ മുൻ അംഗവും പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന ജെയിംസ് പന്തമാക്കലിനെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി.
അഴിമതി നിരോധന നിയമപ്രകാരമാണ് പ്രോസിക്യൂഷന് അനുമതി നൽകിയത്. വിജിലൻസ് അന്വേഷണ രേഖകൾ പ്രകാരം, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ വിവിധ കാലയളവുകളിൽ വാർഡ് അംഗം, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്ന ജെയിംസ് പന്തമാക്കൽ പൊതുസേവകനായിരിക്കെ വരുമാനവുമായി പൊരുത്തപ്പെടാത്ത രീതിയിൽ സ്വത്ത് സമ്പാദിച്ചതായാണ് കണ്ടെത്തൽ.
2007 ജനുവരി ഒന്നുമുതൽ 2018 ജൂലൈ അഞ്ചുവരെയുള്ള കാലയളവിലാണ് വിജിലൻസ് റെയിഡും കണക്കെടുപ്പും നടത്തിയത്. ഈ കാലയളവിൽ ജെയിംസ് പന്തമാക്കൽ 78,97,232 രൂപയുടെ സ്വത്തുക്കൾ സമ്പാദിച്ചതായും 1,34,07,736 രൂപ ചെലവഴിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി സർക്കാർ ഉത്തരവിൽ പറയുന്നു. ഇതോടെ ആകെ സ്വത്ത്-ചെലവ് 2,13,04,968 രൂപയായി കണക്കാക്കി.
അതേസമയം, അന്വേഷണത്തിൽ ജെയിംസിന്റെ അറിയപ്പെടുന്നതും നിയമാനുസൃതവുമായ വരുമാനം 1,18,06,300 രൂപ മാത്രമാണെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇതനുസരിച്ച് 94,98,668 രൂപയുടെ സ്വത്തും സാമ്പത്തിക വിഭവങ്ങളും വരുമാനത്തിൽ അധികമായി കണ്ടെത്തിയതായി വിജിലൻസ് രേഖകൾ വ്യക്തമാക്കുന്നു. നിയമാനുസൃതമായ വരുമാനത്തേക്കാൾ 80.45 ശതമാനം അധികമാണ് ഈ തുക.
രാഷ്ട്രീയ എതിരാളികളാണ് തന്നെ വേട്ടയാടുന്നതെന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നും വിജിലൻസ് അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും ജെയിംസ് പന്തമാക്കൽ പറഞ്ഞു. തനിക്ക് ഏജൻസി വഴി 21 ഓളം വാഹനങ്ങൾ വാടകക്ക് നൽകുന്ന ബിസിനസ് ഉണ്ടായിരുന്നുവെന്നും ഇതിൽ കമീഷൻ ആയി കിട്ടിയ പണം തന്നെ ഒരു ദിവസം ഒരു ലക്ഷം രൂപ വരെ കിട്ടിയിരുന്നുവെന്നും ഇതെല്ലാമാണ് അനധികൃത സമ്പാദ്യമെന്ന് വ്യാഖാനിച്ചതെന്നും പരാതിക്ക് പിന്നിൽ ഒരു വനിത മുൻ ജനപ്രതിനിധിയുടെ റിട്ട. സർക്കാർ ഉദ്യോഗസ്ഥനും ചില ഉദ്യോഗസ്ഥ ലോബികളുമാണെന്നും ജെയിംസ് പന്തമാക്കൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

