വികസന നേട്ടങ്ങളുമായി കാസര്‍കോട് ജില്ല പഞ്ചായത്ത്
text_fieldsകാസർകോട് ജില്ല പഞ്ചായത്ത് കെട്ടിടം
കാസർകോട്: സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ആദ്യ ജില്ലയായും അതിദാരിദ്ര്യ മുക്ത ജില്ലയായും ജലബജറ്റ് തയാറാക്കിയ രാജ്യത്തെ ആദ്യ ജില്ലയായും കാസർകോട് ജില്ല പഞ്ചായത്തിന്റെ വികസനനേട്ടങ്ങൾ. സാമ്പത്തികാവസ്ഥയെ മെച്ചപ്പെടുത്തി തൊഴിലവസരങ്ങള്‍ വർധിപ്പിച്ചും നിക്ഷേപ, സംരംഭ സൗഹൃദമാക്കാനുള്ള ശ്രമത്തിലാണ് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിലും ജില്ല ആസൂത്രണസമിതിയുടെ മേല്‍നോട്ടത്തിലും വികസനപ്രവർത്തനങ്ങൾ നടന്നത്. കര്‍മപദ്ധതികള്‍ തയാറാക്കി ജില്ലയെ അതിദാരിദ്ര്യ മുക്തമാക്കി. രാജ്യത്ത് ആദ്യമായി ജലബജറ്റ് തയാറാക്കിയതും കാസര്‍കോട് ജില്ലാ പഞ്ചായത്താണ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ല ജലബജറ്റും ജലസുരക്ഷ പ്ലാനും തയാറാക്കി സമര്‍പ്പിച്ചു.
ജില്ലയില്‍ 2.08 ലക്ഷം മെട്രിക് ടണ്‍ പാല്‍ ഉൽപാദിപ്പിക്കുന്നുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി, പ്രവാസി സംരംഭക ഗ്രൂപ്പുകള്‍ മിനി ഡെയറി ഫാം, ക്ഷീരസംഘങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് എന്നീ പ്രോജക്ടുകള്‍ക്കും പ്രാധാന്യം നല്‍കി. മൃഗസംരക്ഷണ മേഖലയില്‍ എ.ബി.സി പദ്ധതി, ജില്ല വെറ്ററിനറി കേന്ദ്രത്തിലേക്ക് അടിസ്ഥാന സൗകര്യമോരുക്കല്‍ എന്നിവക്ക് നേതൃത്വം നല്‍കി. മത്സ്യമേഖലയില്‍ ഫൈബര്‍ വള്ളം, വല, ഗില്‍നെറ്റ്, മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി. മണ്ണുസംരക്ഷണ രംഗത്ത് ജലജീവനം, വി.സി.ബി കുളം നിര്‍മാണം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പാക്കി.
13 ലക്ഷം മാത്രം ജനസംഖ്യയുള്ള ജില്ലയിലൂടെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് കൃഷിക്കായി ഉപയോഗിക്കുന്നു. കൃഷി ഫാമുകളുടെ സംരക്ഷണത്തോടെ ഉൽപാദനക്ഷമതയും കാര്‍ഷികോൽപാദനവും വർധിപ്പിക്കുന്ന സവിശേഷ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ജില്ല ആശുപത്രികളുടെയും അടിസ്ഥാന സൗകര്യവികസനത്തിനോടൊപ്പം രോഗീസൗഹൃദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പദ്ധതികള്‍ തയാറാക്കി. ജില്ല പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 84 വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യവികസനം, കെട്ടിടനിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 62 കോടിയും ചെലവഴിച്ചു. കാസര്‍കോടിന്റെ ബഹുസ്വരതയെ സംരക്ഷിച്ച് വികസനത്തില്‍ തുല്യനീതി ഉറപ്പാക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ജില്ല പഞ്ചായത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

