ടാര്‍ ചെയ്യാന്‍ കാലതാമസം; പൊടിയില്‍ കുളിച്ച് തായന്നൂര്‍ ടൗണ്‍
text_fieldsഎണ്ണപ്പാറ-കാലിച്ചാനടുക്കം റോഡ് പൊടി നിറഞ്ഞ നിലയിൽ
കാഞ്ഞങ്ങാട്: എണ്ണപ്പാറ-കാലിച്ചാനടുക്കം റോഡ് പ്രവൃത്തി പുനരാരംഭിച്ചിട്ടും ദുരിതത്തിന് അറുതിയില്ലെന്ന് നാട്ടുകാർ. പൊടിമണ്ണ് നിറഞ്ഞിരുന്ന റോഡില്‍ സിമൻറും മെറ്റലും നിരത്തി രണ്ടാഴ്ചയായിട്ടും ടാറിങ് നടക്കാത്തതിനാല്‍ തായന്നൂര്‍ ടൗണ്‍ അടക്കമുള്ള പ്രദേശങ്ങള്‍ പൊടിയില്‍ കുളിച്ച നിലയിലാണ്.
എണ്ണപ്പാറ മുതല്‍ തായന്നൂര്‍ സ്കൂള്‍ വരെയുള്ള ഭാഗത്ത് മൂന്നു മാസം മുമ്പാണ് പഴയ ടാറിങ് പൂര്‍ണമായും ഇളക്കിമാറ്റിയത്. മാസങ്ങളോളം പ്രവൃത്തിയൊന്നും നടക്കാതായതോടെ ഇവിടെ ചെമ്മണ്പാതയായി. തായന്നൂരില്നിന്ന് കാലിച്ചാനടുക്കത്തേക്കുള്ള റോഡിലും ഏതാണ്ട് ഇതുതന്നെയായിരുന്നു അവസ്ഥ. ബസുകളടക്കമുള്ള വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അടുത്തുള്ള കടകളും വീടുകളുമെല്ലാം പൊടിമണ്ണില്‍ കുളിക്കുകയായിരുന്നു.
നാട്ടുകാരും വാഹനയാത്രക്കാരുമെല്ലാം നിരന്തരം പരാതി പറഞ്ഞശേഷമാണ് അടുത്തിടെ പ്രവൃത്തി പുനരാരംഭിച്ചത്. എന്നാല്‍ അതും മെല്ലെപ്പോക്കിലാണെന്നാണ് പരാതി.
സിമൻറും മെറ്റലും നിരത്തുന്ന മുറക്ക് ടാറിങ് തുടങ്ങിയിരുന്നെങ്കില്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് എല്ലായിടങ്ങളിലും പണി പൂര്‍ത്തിയാകുമായിരുന്നു.
അതുണ്ടായില്ല. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെമ്മണ്പൊടിയുടെ സ്ഥാനത്ത് സിമൻറ് പൊടിയായെന്ന വ്യത്യാസം മാത്രമേ ഇപ്പോഴുള്ളൂ. പൊടിശല്യം കുറക്കാന്‍ കരാറുകാര്‍ റോഡില്‍ വെള്ളം തളിച്ചിരുന്നെങ്കിലും ദിവസങ്ങള്‍ കൊണ്ട് അതും നിലച്ചു.
കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ - കാലിച്ചാനടുക്കം റോഡ് നവീകരണ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് എണ്ണപ്പാറ-കാലിച്ചാനടുക്കം റോഡ് നവീകരിക്കുന്നത്. റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മലയോരമേഖലയില്‍നിന്ന് കാഞ്ഞങ്ങാട് നഗരത്തിലേക്കുള്ള ദൂരം ഗണ്യമായി കുറയുമെന്ന ആശ്വാസമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

