20 ദിവസം പിന്നിട്ടു, കപ്പലിൽ മരിച്ച നാവികന്റെ മൃതദേഹം നാട്ടിലെത്തിച്ചില്ല
text_fieldsപാലക്കുന്ന്: കപ്പലിൽ മരണപ്പെട്ട ഉദുമ പാലക്കുന്ന് അങ്കക്കളരിയിലെ പ്രശാന്തിന്റെ (39) മൃതദേഹം 20 ദിവസം പിന്നിട്ടിട്ടും നാട്ടിലെത്തിച്ചില്ല.
ജപ്പാനിൽ നിന്ന് യു.എസ് തുറമുഖം ലക്ഷ്യമാക്കിയുള്ള യാത്രാമധ്യേ വിൽഹെംസൻ കമ്പനിയുടെ തൈബേക്ക് എക്സ്േപ്ലാറർ എന്ന കപ്പലിൽ മോട്ടോർമാനായി എഞ്ചിൻ റൂം വിഭാഗത്തിൽ ജോലിചെയ്യുന്ന പ്രശാന്ത് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 14ന് മരണപ്പെട്ടുവെന്നാണ് നീലേശ്വരം തൈക്കടപ്പുറത്ത് അച്ഛനമ്മമാരോടൊപ്പമുള്ള ഭാര്യ ലിജിയെ ഷിപ്പിങ് കമ്പനി പ്രതിനിധികൾ അറിയിച്ചത്.
തുടർനടപടികൾ പൂർത്തിയാകുന്ന മുറക്ക് മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് ഇപ്പോൾ അവധിയിലുള്ള കപ്പൽ ജീവനക്കാരനായ സഹോദരൻ പ്രദീപിന് കിട്ടിക്കൊണ്ടിരിക്കുന്ന സൂചന.
യു.എസ് അധീനതയിലുള്ള ഹവായി ദ്വീപിലെ ഹോണോലൂലുവിൽ കപ്പലിൽനിന്ന് പ്രശാന്തിന്റെ മൃതശരീരം പോസ്റ്റുമോർട്ടത്തിനും തുടർ നടപടികൾക്കുമായി എത്തിച്ചിരുന്നു. പോസ്റ്റ്മോർട്ടം ഫലം പോലും അവകാശികളെ ഇതുവരെയും അറിയിച്ചിട്ടില്ല. എംബാമിങ് നടപടികൾ നടന്നുവരികയാണെന്ന വിവരം പിന്നീട് കിട്ടി.
മരണശേഷം ശരീരം ജീർണിക്കുന്ന അവസ്ഥയെ മറികടക്കാനായി ചെയ്യുന്ന ദൈർഘ്യമേറിയ പ്രക്രിയയാണിത്. ഇന്ത്യൻ കോൺസുലേറ്റിന്റെതടക്കം ഔപചാരിക നടപടികൾ പൂർത്തിയാവാൻ ഇനിയും എത്ര നാളുകൾ എടുക്കുമെന്ന് നാളിതുവരെ കമ്പനി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടില്ല. അതിന്റെ ആശങ്കയിലാണ് ബന്ധുക്കൾ.
ഇത് സ്വാഭാവികമായ വൈകൽ മാത്രമാണെന്ന് യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെയിലേഴ്സ് സൊസൈറ്റിയുടെ ഇന്ത്യൻ പ്രതിനിധി ക്യാപ്റ്റൻ വി. മനോജ് ജോയ് കോട്ടിക്കുളം മർച്ചന്റ്നേവി ക്ലബ് പ്രസിഡന്റിനെ അറിയിച്ചു. അമേരിക്കയിലും സൗത്ത് ആഫ്രിക്കയിലും മുൻപ് നടന്ന സമാന സംഭവങ്ങളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്താൻ ഒരു മാസത്തിലേറെ സമയം എടുത്തിട്ടുണ്ട്.
പ്രശാന്തിന്റെ കാര്യത്തിൽ തുടർനടപടികൾ കൈകാര്യം ചെയ്യുന്നത് കോക്സ് വൂൾട്ടൻ ഗ്രിഫിൻ ആൻഡ് ഹാൻസൺ എന്ന ലോയേഴ്സ് ഏജൻസിയാണ്. കപ്പൽ ജീവനക്കാരുടെ ക്ഷേമപ്രവർത്തനങ്ങളിൽ അന്താരാഷ്ട്രതലത്തിൽ ഇടപെടുന്ന മിഷൻ ടു സിഫെയറേഴ്സ് സ്റ്റെല്ല മേരീസ് ക്ലബ് പ്രതിനിധി മാർലോ സബാറ്റർ പ്രശാന്തിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ നടപടിക്രമങ്ങൾ പുരോഗമിക്കുന്നുവെന്ന മറുപടിയാണ് ലഭിച്ചതെന്ന് ക്യാപ്റ്റൻ മനോജ് ജോയ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

