ആദിവാസി പെൺകുട്ടിയുടെ മരണം; പ്രതിയുടെ അറസ്റ്റ് വൈകിയതിൽ ദുരൂഹത
text_fieldsകാസർകോട്: ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ 15 വർഷമെടുത്തതിൽ ദുരൂഹതയുണ്ടെന്ന് കുടുംബവും പട്ടികജാതി സമാജം ഭാരവാഹികളും ആരോപിച്ചു. പട്ടിക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പൊലീസിൽ പ്രത്യേക മൊബൈൽ സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ കാണാതായി 15 വർഷങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാവുന്നത്.
ജില്ല പട്ടികവർഗ വികസന വകുപ്പും പെൺകുട്ടിയുടെ തിരോധാനത്തെ കുറിച്ച് ഇതുവരെ അറിഞ്ഞിട്ടില്ല. സംസ്ഥാനത്ത് പട്ടിക വർഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് കാസർകോടാണ്. ജില്ല ഭരണകൂടം ഇത്തരം സംഭവങ്ങൾ ഗൗരവമായി കാണുന്നില്ല. സമാനമായ കേസുകൾ ഇപ്പോഴും ജില്ലയിലുണ്ട്. ജില്ലയിൽ പട്ടിക വിഭാഗങ്ങൾക്കെതിരെ കുറ്റകൃത്യങ്ങൾ വർധിക്കുന്നത് പൊലീസ് സംവിധാനത്തിന്റെ കഴിവുകേടാണ്.
ഔദ്യോഗിക കൃത്യ നിർവഹണത്തിൽ ഗുരുതരമായ വീഴ്ചകൾ വരുത്തുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ എസ്.സി,എസ്.ടി. നിയമത്തിൽ വകുപ്പുകൾ ഉണ്ടെങ്കിലും സേനയിലെ രാഷ്ട്രീയവത്കരണം തടസ്സമാകുന്നു. പെൺകുട്ടിയുടെ തിരോധാനത്തിലും കൊലപാതകത്തിലും കേസ് തുടക്കം മുതൽ അന്വേഷിച്ച ഉദ്യോഗസ്ഥ കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തി. അത്തരം ഉദ്യോഗസ്ഥർക്കെതിരെ എസ്.എസി/എസ്.ടി സംരക്ഷണ നിയമത്തിലെ സെക്ഷൻ നാല് അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെടും.
ഈ കേസിൽ തുടക്കം മുതൽ കുടുംബം ചൂണ്ടിക്കാട്ടിയതിൽ ഒരാൾ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തിൽ ആദ്യം തന്നെ അമ്പലത്തറ പൊലീസിൽ പരാതിപ്പെട്ടിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. പിന്നീട് കാഞ്ഞങ്ങാട് ഡിവൈ.എസ്.പിക്ക് നൽകിയ Cr.No. 44/2011 ആയി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പരാതിയുമായി മുന്നോട്ട് പോകുന്നതിനെതിരെ കുടുംബത്തിന് ഭീഷണി ഉണ്ടായിരുന്നു.
കാഞ്ഞങ്ങാട്ടെ പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് പരാതിയുമായി മുന്നോട്ട് പോകരുത്' എന്ന് കുടുബത്തോട് ആവശ്യപ്പെട്ടു. കേസിൽനിന്നും പിന്മാറിയാൽ 25 ലക്ഷം രൂപ വാഗ്ദാനവും ചെയ്തു. പത്രാധിപർക്ക് നേരിട്ടോ അതോ ഇടനിലക്കാരന്റെ റോളാണോ എന്ന സംശയം ദൂരീകരിക്കണം. കേസ് അന്വേഷിച്ച ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാർ സി.കെ 2021ലാണ് പെൺകുട്ടി ജീവിച്ചിരിപ്പില്ല എന്ന അന്വേഷണ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിക്കുന്നത്.
പെൺകുട്ടിയെ കൊന്ന് എറണാകുളത്ത് കുഴിച്ചുമൂടി എന്ന തലക്കെട്ടിൽ കാഞ്ഞങ്ങാട് നിന്നും പ്രസിദ്ധീകരിക്കുന്ന പത്രത്തിൽ 2019ൽ തന്നെ വാർത്ത വന്നിരുന്നു. പ്രതികളെ രക്ഷിക്കാൻ പ്രഗത്ഭരായ ക്രിമിനൽ അഭിഭാഷകരുടെ നീണ്ട നിരതന്നെയാണ് അണിനിരന്നത്. ഇതിലെല്ലാം ദുരൂഹതയുണ്ട്.
നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ട്. അന്വേഷണ സംഘം മുഴുവൻ സത്യാവസ്ഥയും പുറത്തു കൊണ്ടുവരണം. വാർത്തസമ്മേളനത്തിൽ കാണാതായ കുട്ടിയുടെ പിതാവ്, കേരള പട്ടിക ജാതി സമാജം സംസ്ഥാന ജനറൽ സെക്രട്ടറി (കെ.പി.ജെ.എസ്) തെക്കൻ സുനിൽകുമാർ, ഭാരവാഹികളായ എം.ആർ. പുഷ്പ, ഹരികൃഷ്ണൻ, അഭിലാഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

