ഫറാസിന്റെ മരണം; പൊലീസിനെതിരെ പ്രതിഷേധം ശക്തം
text_fieldsപ്രതിഷേധക്കാരെ പ്രതിരോധിക്കുന്ന പൊലീസ്
കാസർകോട്: പൊലീസ് അനാസ്ഥ മൂലം ജി.എച്ച്.എസ്.എസ് അംഗടിമൊഗർ സ്കൂൾ വിദ്യാർഥി ഫറാസ് മരണപ്പെടാൻ ഇടയാക്കിയ സംഭവത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ് ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻഹാജി ആവശ്യപ്പെട്ടു.
ഓണാഘോഷത്തിൽ പങ്കെടുത്ത് ജുമുഅ നമസ്കാരത്തിന് കൂട്ടുകാരോടൊപ്പം കാറിൽ പള്ളിയിൽ പോവുന്നതിനിടെ പൊലീസ് കൈകാണിച്ച് വാഹനം നിർത്താൻ ആവശ്യപ്പെടുകയും നിർത്തിയപ്പോൾ ഡോറിലേക്ക് ചവിട്ടി മർദിക്കുകയും ചീത്തവിളിക്കുകയും ചെയ്തു.
പേടിച്ച് വിരണ്ട കുട്ടികൾ കാറോടിച്ച് പോകവെ പൊലീസ് ആറ് കിലോമീറ്ററോളം പിന്തുടരുന്നതിനിടയിലാണ് നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞത്. പരിക്കേറ്റ കുട്ടികൾ മംഗളൂരുവിൽ ചികിത്സ തേടിയെങ്കിലും ഫറാസ് മരണപ്പെട്ടു. സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടിക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പൊലീസ് പിന്തുടരുന്നതിനിടയിൽ അപകടം സംഭവിച്ചു മരിച്ച ഫറാസിന്റെ വീട് സി.പി.എം ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ, കെ.ആർ. ജയാനന്ദ, പി. രഘുദേവൻ മാസ്റ്റർ, പ്രദീപ് എന്നിവർ സന്ദർശിച്ചു. പൊലീസിന്റെ വീഴ്ചയിൽ ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുമായും ഉന്നത പൊലീസ് മേധാവികളുമായും ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് ബാലകൃഷ്ണൻ മാസ്റ്റർ കുടുംബത്തിന് ഉറപ്പ് നൽകി.
കുമ്പള : സ്കൂളിലെ ഓണാഘോഷ ദിവസം പൊലീസ് പിന്തുടർന്ന് അപകടത്തിൽപെട്ട് ചികിത്സയിലിരിക്കെ പേരാൽ കണ്ണൂർ സ്വദേശിയായ ഫറാസ് എന്ന വിദ്യാർഥി മരിച്ചത് പൊലീസ് ഉദ്യോഗസ്ഥരുടെ കുറ്റകൃത്യമാണെന്ന് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഫറാസിനും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്നും വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി കെ.പി. അസ്ലം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി അബ്ദുൽ ലത്തീഫ് കുമ്പള, ജില്ല കമ്മിറ്റിയംഗം സാഹിദ ഇല്യാസ്, രാമകൃഷ്ണൻ കുമ്പള, സഹീറ അബ്ദുൽ ലത്തീഫ്, വിജയ കുമാർ, വാസന്തി ഹൊസങ്കടി, ഇസ്മായിൽ മൂസ, കന്തൽ ബഷീർ തുടങ്ങിയവർ സംസാരിച്ചു.
കുമ്പള: ഫറാസ് എന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുനീർ കണ്ടാളം അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ ആരിക്കാടി, ഫാറുഖ് കോട്ട, അബ്ദുല്ല മൊഗ്രാൽ, സിദ്ദീഖ് ആരിക്കാടി, ഹനിഫ് ഉപ്പള എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി താജുദ്ദീൻ മൊഗ്രാൽ സ്വാഗതവും യൂസുഫ് ഒളയം നന്ദിയും പറഞ്ഞു.
കാസർകോട്: പൊലീസ് പിന്തുടർന്നതിനെ തുടർന്ന് കാർ അപകടത്തിൽപെട്ട് വിദ്യാർഥി മരിച്ച സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
കുടുംബത്തിന് നീതി ലഭ്യമാക്കണം. പരിശോധനക്കിടെ കൈകാണിച്ചിട്ടും നിർത്താതിരുന്നുവെന്ന കാരണത്താൽ പൊലീസ് പിന്തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീതിപ്പെടുത്തുകയും ചെയ്തതാണ് മരണത്തിലേക്ക് എത്തിച്ചത്. പൊലീസ് വിവേകപൂർണമായ നടപടികളാണ് സ്വീകരിക്കേണ്ടത്. ജില്ല പ്രസിഡന്റ് സി.എ. യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ റാസിഖ് മഞ്ചേശ്വർ, എൻ.എം. വാജിദ്, റാഷിദ് മുഹിയുദ്ദീൻ, ഷാഹ്ബാസ് കോളിയാട്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

