പരാതി നല്കാന് കാത്തിരിക്കേണ്ട സേവനങ്ങള്‍ വിരല്‍തുമ്പിലെത്തിച്ച് ഡി.സി കണക്ട്
text_fieldsകാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡി.സി കണക്ട് പദ്ധതിയുടെ പരിശീലനം
കാസർകോട്: കലക്ടറെ കണ്ട് പരാതികള്‍ നല്കാന് ദീര്‍ഘദൂരം യാത്രചെയ്ത് കലക്ടറേറ്റിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ആശ്വാസമായി ഡി.സി കണക്ട്. കടലാസുരഹിതമായി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സേവനം വേഗത്തിലാക്കുന്നതിന് ഐ.ടി മിഷന് നേതൃത്വം നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 15ന് രജിസ്ട്രേഷന്, മ്യൂസിയം, പുരാവസ്തു, പുരാരേഖാ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. edistrict.kerala.gov.in എന്ന സൈറ്റില്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയോ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കി ലോഗിന്‍ ചെയ്തോ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം. ലഭിക്കുന്ന പരാതികള്‍ക്ക് 28 ദിവസത്തിനകം മറുപടി ലഭിക്കും.
ഇ-സര്‍ട്ടിഫിക്കേറ്റുകള്‍ അനുവദിക്കുന്നതിനായി ഉപയോഗിച്ചുവരുന്ന ഇ- ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ പരാതി പരിഹാരം കൂടി ചേര്‍ത്താണ് സേവനം. കലക്ടറേറ്റിലെ പബ്ലിക്ക് ഗ്രീവന്‍സ് സെല്ലിലെ ക്ലര്‍ക്കിനാണ് ആദ്യം പരാതി എത്തുന്നത്. ക്ലര്‍ക്ക് ജൂനിയര്‍ സൂപ്രണ്ടിനും ജൂനിയര്‍ സൂപ്രണ്ട് കലക്ടര്‍ക്കും നല്കി പരിശോധിച്ചശേഷം പരാതികള്‍ അതത് വകുപ്പുകള്‍ക്ക് അയക്കും. പരാതികളുടെ നില അപേക്ഷകര്‍ക്ക് വിലയിരുത്താനും സാധിക്കും. ലഭിക്കുന്ന മറുപടികളില്‍ തൃപ്തനല്ലെങ്കില്‍ പഴയ പരാതി നമ്പര്‍ ഉപയോഗിച്ച് വീണ്ടും പരാതിപ്പെടാം. ഇത്തരത്തില്‍ രണ്ടാമത് അയക്കുന്ന പരാതികള്‍ കലക്ടര്‍ നേരിട്ടാണ് പരിശോധിക്കുക.
പൊതുജനങ്ങള്‍ക്ക് വ്യക്തവും അനുഭാവ പൂര്ണവുമായുള്ള മറുപടികള്‍ സമയബന്ധിതമായി നല്‍കണമെന്ന് കലക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. റവന്യൂ റിക്കവറി തഹസില്‍ദാര്‍ പി. ഷിബു പദ്ധതി വിശദീകരിച്ചു. ഐ.ടി മിഷന് ഡി.പി.എം കപില്‍ദേവ് സാങ്കേതിക വിഷയങ്ങള്‍ വിശദീകരിച്ചു. ഐ.ടി മിഷന് ഹാൻഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എൻജിനീയര്‍ അഞ്ജിത ശരത്ത് പരാതി പരിഹരിക്കുന്നത് സംബന്ധിച്ച് പ്രായോഗിക പരിശീലനം നല്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് മേധാവികളും നോഡല്‍ ഓഫിസര്‍മാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

