സി.പി.എം ജില്ല സെക്രട്ടേറിയറ്റ്; മൂന്ന് ഒഴിവ്, അഞ്ചുപേർ പരിഗണനയിൽ
text_fieldsകാസർകോട്: സി.പി.എമ്മിന്റെ പുതിയ ജില്ല സെക്രട്ടേറിയറ്റ് ഈ മാസം 16ന് നിലവിൽ വരും. നിർണായക വെട്ടിനിരത്തൽ ഉണ്ടായേക്കുമെന്നാണ് സൂചന. മുൻ ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്റെ ഉൾപ്പെടെ മൂന്ന് ഒഴിവുകളാണ് ഉണ്ടാകുക എന്നറിയുന്നു. വി.പി.പി. മുസ്തഫക്കാണ് പ്രഥമ പരിഗണനയെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന.
നീലേശ്വരം ഏരിയയിൽ നിന്നുള്ള മടിക്കൈയിലെ സി. പ്രഭാകരൻ ഒഴിവായേക്കും. ചെറുവത്തൂർ മദ്യ ഷാപ്പ് വിവാദത്തിൽപെട്ട് നീലേശ്വരം ഏരിയയിൽനിന്നു തന്നെയുള്ള ഒരു സെക്രട്ടേറിയറ്റ് അംഗത്തെ കൂടി പുറത്തുനിർത്താനിടയുണ്ട്. ഇങ്ങനെ വരുന്ന മൂന്ന് ഒഴിവിലേക്ക് അഞ്ചു പേരുകളാണ് ഉള്ളത്.
വി.പി.പി. മുസ്തഫ, ടി.കെ. രാജൻ, ഇ. പത്മാവതി, സിജി മാത്യു, കെ. മണികണ്ഠൻ എന്നിവർക്കാണ് സാധ്യത. മദ്യഷാപ്പ് വിഷയത്തിൽ സി.ഐ.ടിയു നേതൃത്വം ജില്ലയിലെ പാർട്ടിക്ക് ദോഷകരമായ നിലപാടുകൾ സ്വീകരിച്ചുവെന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തിന് അഭിപ്രായമുണ്ട്.
സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കൂടിയായ ടി.കെ. രാജന്റെ സെക്രട്ടേറിയറ്റിലേക്കുള്ള വരവ് സംബന്ധിച്ച തീരുമാനം നിർണായകമാണ്. പാർട്ടി നേതൃത്വത്തിൽ സി.ഐ.ടി.യുവിനാണ് വെട്ടേൽക്കുക. മദ്യഷാപ്പ് പ്രശ്നം മാത്രം ലോക്സഭ തെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥി എം.വി. ബാലകൃഷ്ണന് 5000 വോട്ട് നഷ്ടപ്പെടുത്തിയെന്നാണ് വിലയിരുത്തൽ.
മഹിള നേതാവ് ഇ. പത്മാവതിയുടെ പേര് സജീവ പരിഗണനയിലാണ്. പത്മാവതി സഹകരണ സ്ഥാപനത്തിലെ ജോലിയിൽനിന്ന് വി.ആർ.എസ് എടുത്തിരിക്കുകയാണ്. ഇത് പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സൂചനയുണ്ട്. ഇവരുടെ സ്ഥാനക്കയറ്റത്തിന് പ്രധാന തടസ്സം ജോലിയായിരുന്നു.
ദേശീയ തലത്തിൽ ട്രേഡ് യൂനിയൻ രംഗത്തുള്ള ടി.കെ. രാജനെ മാറ്റിനിർത്തി ജൂനിയറായ ജില്ല കമ്മിറ്റി അംഗങ്ങളെ സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്താൽ അത് സി.ഐ.ടിയുവിനെ വെട്ടിമാറ്റുന്നുവെന്ന വ്യക്തമായ സൂചനയായിരിക്കും.
സെക്രട്ടേറിയറ്റ് അംഗമായിരുന്ന മുസ്തഫ എം.വി. ഗോവിന്ദൻ മന്ത്രിയായപ്പോൾ സ്ഥാനം ഒഴിഞ്ഞ് പ്രൈവറ്റ് സെക്രട്ടറിയായി പോയതാണ്. പൂർണസമയം പാർട്ടി ഉത്തരവാദിത്തം ഏൽക്കുന്നതോടെ മുസ്തഫ സെക്രട്ടേറിയറ്റിലെത്തും.
പത്മാവതി കയറിയാൽ വനിതകളുടെ എണ്ണം രണ്ടാകും. എം. രാജഗോപാലൻ, പി. ജനാർദനൻ, കെ.വി. കുഞ്ഞിരാമൻ, സാബു എബ്രഹാം, വി.കെ. രാജൻ, കെ.ആർ. ജയാനന്ദ, സി. പ്രഭാകരൻ, എം. സുമതി, വി.വി. രമേശൻ എന്നിവരാണ് നിലവിലെ സെക്രട്ടേറിയറ്റ് അംഗങ്ങൾ. 16ന് ചേരുന്ന ജില്ല യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

