സി.പി.എം ജില്ല സമ്മേളനം: നേതൃനിരയിലേക്കുള്ള പുതുമുഖങ്ങൾ; ചർച്ച സജീവം
text_fieldsകാസർകോട്: ഫെബ്രുവരി ആറുമുതൽ കാഞ്ഞങ്ങാട് നടക്കുന്ന സി.പി.എം ജില്ല സമ്മേളനത്തിൽ ജില്ല സെക്രട്ടറിയേറ്റ്, കമ്മിറ്റി എന്നിവയിലേക്ക് കടന്നുവരേണ്ട പുതുമുഖങ്ങളെ സംബന്ധിച്ച ചർച്ചകൾ സജീവം. 36 അംഗ ജില്ല കമ്മിറ്റിയാണുളളത്. ഇതിൽ കെ.പി. വത്സലൻ നിര്യാതനായി. ടി.കെ. രവിയെ തരംതാഴ്ത്തി. എം.വി. കൃഷ്ണൻ, പി. അപ്പുക്കുട്ടൻ, പി.ആർ. ചാക്കോ, കെ. കുഞ്ഞിരാമൻ, ഇ. കുഞ്ഞിരാമൻ, സുബ്ബണ്ണ ആൽവ, പി. രഘുദേവൻ എന്നിവർ പ്രായപരിധിയാലും മറ്റുകാരണങ്ങളാലും ഒഴിവാക്കപ്പെടാൻ സാധ്യതയുള്ളവരാണ്. ഒമ്പത് ഒഴിവുകളുടെ സാധ്യത തെളിയുന്നുണ്ട്. 12 ഏരിയ സെക്രട്ടറിമാരിൽ ആറുപേർ ജില്ല കമ്മിറ്റിയിലുണ്ട്. പി. കുഞ്ഞിക്കണ്ണൻ (തൃക്കരിപ്പൂർ), മാധവൻ മണിയറ (ചെറുവത്തൂർ), സി. രാമചന്ദ്രൻ (ബേഡകം), എം. മാധവൻ (കാറടുക്ക), സി.എ. സുബൈർ (കുമ്പള), മധു മുതിയക്കാൽ (ഉദുമ) എന്നിവർ കമ്മിറ്റിയിലില്ല. ഇതിൽ സീനിയോറിറ്റി പരിഗണിച്ച് മാധവൻ മണിയറ, സി.എ. സുബൈർ, എ. അപ്പുകുട്ടൻ (എളേരി) എന്നിവർ കമ്മിറ്റിയിലെത്തിയേക്കും.
കെ. സബീഷ്, എം. രാഘവൻ (ഇരുവരും കാഞ്ഞങ്ങാട് ഏരിയ), ഷാലുമാത്യു (പനത്തടി), പാറക്കോൽ രാജൻ (നീലേശ്വരം), രജിഷ് വെള്ളാട്ട് എന്നിവർ പുതുമുഖങ്ങളാകുമെന്ന് പറയുന്നുണ്ട്. സെക്രേട്ടറിയേറ്റംഗമായിരുന്ന വി.പി.പി. മുസ്തഫ (തൃക്കരിപ്പൂർ) മന്ത്രിയുടെ പേഴ്സനൽ സ്റ്റാറിലേക്ക് പോയി തിരിച്ചെത്തിയ ആളാണ്. കമ്മിറ്റിയിലിരിക്കെ നടപടിക്ക് വിധേയനായ ടി.കെ. രവിയും പുറത്തുണ്ട്. ഇരുവരെയും ജില്ല കമ്മിറ്റിയിൽ ഉൾപെടുത്തണമെന്ന ആവശ്യം ഉയർന്നേക്കും. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയിൽനിന്ന് രാഘവനും സബീഷും വേണോയെന്ന തർക്കം വന്നാൽ എം. രാഘവനെ ഒഴിവാക്കാൻ നീക്കംനടക്കും. ഉദുമയിൽ മധു മുതിയക്കാലിനെ ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ സമ്മർദമുണ്ട്.
പത്തംഗ ജില്ല സെക്രട്ടറിയേറ്റിൽ സി.ഐ.ടി.യു സംസ്ഥാന-ദേശീയ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടി.കെ. രാജനെ കഴിഞ്ഞതവണ ഉൾപ്പെടുത്താത്തത് ബോധപൂർവമാണെന്ന ആക്ഷേപമുണ്ടായിരുന്നു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും മോട്ടോർ തൊഴിലാളി ഫെഡറേഷൻ ദേശീയ സെക്രട്ടറി സ്ഥാനങ്ങൾ ഉൾപ്പടെ നിരവധി സംഘടനകളുടെ ചുമതലയുമുള്ള ടി.കെ. രാജനെ ഇത്തവണ ഉൾപ്പെടുത്തിയില്ലെങ്കിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് നേരിട്ട് എടുക്കാനുള്ള നീക്കമുണ്ടാകും. അങ്ങനെ നടന്നാൽ ജില്ല നേതൃത്വത്തിന് ക്ഷീണവുമാകും. ജില്ല സെക്രട്ടറി സ്ഥാനത്ത് എം.വി. ബാലകൃഷ്ണൻ തന്നെ തുടരാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

