സി.പി.എം സെക്രട്ടേറിയറ്റിലേക്ക് ജില്ലയിൽ നിന്നാര്...
text_fieldsകാസർകോട്: സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടി ഉയരുമ്പോൾ കാസർകോട് പാർട്ടി ജില്ല ഘടകം ചോദിക്കുന്നത് ഇത്തവണയെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഒരാളെ പരിഗണിക്കുമോ എന്നതാണ്.
കാസർകോട് ജില്ല രൂപവത്കരിച്ച ശേഷം പി. കരുണാകരൻ മാത്രമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കരുണാകരൻ പാർട്ടി പത്രത്തിന്റെ ജനറൽ മാനേജരുംകൂടിയായിരുന്നു. അതും അദ്ദേഹത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള കാരണമായിരുന്നു.
കരുണാകരനെ പരിഗണിക്കാതിരിക്കാനാവാത്ത സ്ഥിതി നേതൃത്വത്തിനുണ്ടായതുകൊണ്ടുകൂടിയാണ് അദ്ദേഹം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കെത്തിയത്. കഴിഞ്ഞ സമ്മേളനത്തിൽ പി. കരുണാകരനെ ഒഴിവാക്കിയപ്പോൾ അതിൽ കണ്ണൂർ ലോബി പിടിമുറുക്കി. കെ.പി. സതീഷ് ചന്ദ്രനെ പരിഗണിച്ചില്ല.
സീനിയർ സംസ്ഥാന സമിതിയംഗം എന്ന നിലയിൽ സതീഷ് ചന്ദ്രനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാനും ഇടയുണ്ട്. പിണറായി വിജയൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ എന്നിങ്ങനെ അഞ്ചുപേരാണ് സെക്രട്ടേറിയറ്റിലുണ്ടായിരുന്നത്. കോടിയേരിയുടെ ഒഴിവാണ് ഇപ്പോഴുള്ളത്.
പി.കെ. ശ്രീമതിക്ക് 75 തികഞ്ഞു. പ്രായം കർശനമാക്കിയാൽ ശ്രീമതിക്ക് ഒഴിയേണ്ടിവരും. അതേ സമയം ഭരണയന്ത്രം പിന്നിൽനിന്ന് തിരിക്കുന്ന പി. ശശിയും സെക്രട്ടേറിയറ്റിലേക്കുള്ള യാത്രയിലാണ്.
നടപടിക്കു വിധേയനായ പി. ശശി അതിവേഗത്തിലാണ് പാർട്ടിയിൽ മുൻകാല പ്രാബല്യത്തോടെ ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്. പി. ജയരാജൻ സെക്രട്ടേറിയറ്റിലേക്ക് എത്തുമോയെന്നതും ഉറ്റുനോക്കുന്നു. ജില്ലയിൽ സി.എച്ച്. കുഞ്ഞമ്പു, കെ.പി. സതീഷ് ചന്ദ്രൻ, എം.വി. ബാലകൃഷ്ണൻ എന്നിവരാണ് സംസ്ഥാന സമിതി അംഗങ്ങൾ. ജില്ല സെക്രട്ടറി എന്ന നിലയിൽ എം. രാജഗോപാലൻ സംസ്ഥാന സമിതിയിലുണ്ടാകും.
കാസർകോട് ജില്ല സമ്മേളനത്തിൽ മുതിർന്ന നേതാവ് കെ.വി. കുഞ്ഞിരാമൻ ജില്ല സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ തഴഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റിയിലേക്ക് ജില്ലയിൽനിന്ന് പരിഗണിക്കാമെന്ന ഉറപ്പ് നൽകിയതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

