ഇഴഞ്ഞുനീങ്ങി ഓവുചാൽ നിർമാണം; മൊഗ്രാലിൽ ഗതാഗതതടസ്സം
text_fieldsഓവുചാല്‍ നിർമാണംമൂലം ഗതാഗതതടസ്സം നേരിടുന്ന മൊഗ്രാൽ ടൗൺ
മൊഗ്രാൽ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൊഗ്രാൽ ടൗണിൽ നടക്കുന്ന ഓവുചാൽ നിർമാണത്തിലെ മെല്ലെപ്പോക്ക് കാരണം തിരക്കേറിയ സർവിസ് റോഡിൽ ഗതാഗതതടസ്സം പതിവായി. പരീക്ഷക്കാലത്ത് വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്കും കാൽനടക്കാർക്കും ഇത് ദുരിതമാകുന്നതായി പരാതി. ടൗണിലെ അവശേഷിച്ച കേവലം 200 മീറ്ററോളം വരുന്ന ഓവുചാൽ നിർമാണത്തിന്റെ ജോലിയാണ് രണ്ടാഴ്ചയോളമായി നടന്നുവരുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ജോലിയും. ജോലികൾ മൊഗ്രാൽ അടിപ്പാതക്ക് സമീപമായതിനാൽതന്നെ ഗതാഗതതടസ്സം രൂക്ഷമാണ്. ഇവിടെ നിർമാണത്തിന്റെ ഭാഗമായി സർവിസ് റോഡിൽ ഒരു വാഹനത്തിന് മാത്രം പോകാവുന്ന തരത്തിൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ യാത്രക്കാരെ കയറ്റാൻ സമീപത്ത് ബസുകളും മറ്റും നിർത്തിയിടുന്നതും ഗതാഗതതടസ്സത്തിന് കാരണമാകുന്നു.
സ്കൂൾറോഡിലേക്ക് അടിപ്പാത വഴി പോകാനും വരാനുമുള്ള സർവിസ് റോഡിന് സമീപമാണ് ഓവുചാല്‍ നിർമാണം. ഇത് വിദ്യാർഥികൾ അടക്കമുള്ള കാൽനടക്കാർക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. സ്കൂൾ റോഡിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് പോകുന്നത്. ഇതുവഴി ‘ഗ്രാമവണ്ടിയും’ സർവിസ് നടത്തുന്നുണ്ട്. കൂടാതെ കിൻഫ്ര, അനന്തപുരം, കെൽ തുടങ്ങിയ വ്യവസായ, വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള വാഹനവും സ്കൂൾ റോഡ് വഴി പോകുന്നുണ്ട്. ടൗൺ പരിസരമായതിനാൽ തുടങ്ങിവെച്ച നിർമാണജോലികൾ വേഗത്തിലാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

