കാസർകോട് ജില്ലയിൽ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത രണ്ടുവര്‍ഷത്തിനകം
text_fieldsകാസർകോട്: ജില്ല പഞ്ചായത്തിന്റെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി രണ്ടുവര്‍ഷത്തെ പദ്ധതിയാക്കി നടപ്പിലാക്കാന്‍ കാസര്‍കോട് ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. ആദ്യ വര്‍ഷം 14 ലക്ഷവും രണ്ടാമത്തെ വര്‍ഷം 20 ലക്ഷവും പദ്ധതിക്കായി വകയിരുത്തും. നടപ്പു സാമ്പത്തികവര്‍ഷം അനുവദിച്ച അഞ്ചു ലക്ഷത്തിനു പുറമെ ഒമ്പത് ലക്ഷം രൂപ കൂടി അനുവദിക്കും.
അടുത്ത സാമ്പത്തിക വര്‍ഷാവസാനത്തോടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര ജില്ലയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ല പഞ്ചായത്തിനു കീഴിലുള്ള ലാബ് സൗകര്യമില്ലാത്ത എല്ലാ വിദ്യാലയങ്ങളിലും ലാബ് ഉറപ്പുവരുത്തും. ചുറ്റുമതിലില്ലാത്തെ എല്ലാ സ്‌കൂളിനും ഒരേ മാതൃകയിൽ ചുറ്റുമതിലും ഗേറ്റും നിര്‍മിക്കും. വയോജനങ്ങള്‍ക്കുള്ള ഭക്ഷണ വിതരണ പദ്ധതി തുടരാനും യോഗം തീരുമാനിച്ചു. 70 വയസ്സിനുമുകളിലുള്ള വയോജനങ്ങള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കള്‍ ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ഗ്രാമപഞ്ചായത്തുവഴി അപേക്ഷ സ്വീകരിച്ചാണ് ജില്ല പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കുന്നത്.
ലഹരിവിപത്തിനെതിരെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതി ആരംഭിക്കും. കുട്ടികള്‍ വിദ്യാലയങ്ങള്‍ക്ക് പുറത്തുപോയി കടകളില്‍ നിന്നു ലഹരി കലര്‍ന്ന വസ്തുക്കള്‍ കഴിക്കുന്നത് തടയാൻ കുടുംബശ്രീയുമായി സഹകരിച്ച് സ്റ്റേഷനറി കടകള്‍ ആരംഭിക്കും. പദ്ധതിക്ക് ആവശ്യമായ സബ്‌സിഡി തുക ജില്ല പഞ്ചായത്ത് നല്‍കും. പൈലറ്റ് പദ്ധതിയായി പിലിക്കോട്, ചായോത്ത് സ്‌കൂളുകളില്‍ സ്‌റ്റേഷനറി കടകള്‍ തുടങ്ങും.
താൽപര്യമുള്ള മറ്റു സ്‌കൂളുകള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ജില്ല പഞ്ചായത്ത് നല്‍കും. ജനുവരി 27ന് ഉച്ചക്ക് രണ്ടിനു ജില്ല പഞ്ചായത്ത് മത്സ്യസഭ നടത്താന്‍ തീരുമാനിച്ചു. ഫിഷറീസ് വകുപ്പ് പ്രതിനിധികള്‍ തീരദേശ പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച മത്സ്യസഭയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു പ്രതിനിധികള്‍, ജനപ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ല വികസനരേഖ പ്രസിദ്ധീകരിക്കാനും ജില്ല പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി. പ്രസിഡൻറ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷിനോജ് ചാക്കോ, അഡ്വ. എസ്.എന്‍. സരിത, കെ. ശകുന്തള, അംഗങ്ങളായ കെ. കമലാക്ഷി, നാരായണ നായിക്, എം. ഷൈലജ ഭട്ട്, ജോമോന്‍ ജോസ്, എം. മനു, ബി.എച്ച്. ഫാത്തിമത്ത് ഷംന, ജാസ്മിന്‍ കബീര്‍, ജമീല സിദ്ദിഖ് ദണ്ഡഗോളി, ഗോള്‍ഡന്‍ അബ്ദുൽ റഹ്‌മാന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

