കലക്ടർക്ക് പരാതി നൽകി; അപകടനിലയിൽ ബസ് കാത്തിരിപ്പുകേന്ദ്രം
text_fieldsഅപകടനിലയിലായ ബോവിക്കാനത്തെ ബസ് കാത്തിരിപ്പുകേന്ദ്രം
കാസർകോട്: ചെർക്കള-ജാൽസൂർ അന്തർസംസ്ഥാനപാതയിൽ ബോവിക്കാനം എട്ടാം മൈലിലെ ബസ് കാത്തിരിപ്പുകേന്ദ്രം അപകടാവസ്ഥയിൽ. മുളിയാർ പഞ്ചായത്തിലെ ഈ കാത്തിരിപ്പുകേന്ദ്രം വർഷങ്ങളായി അപകടാവസ്ഥയിലായിട്ട്. ഇതുവരെയും അധികൃതരാരും തിരിഞ്ഞുനോക്കിയില്ലെന്നാണ് ആരോപണം. കാലപ്പഴക്കം കാരണം കാത്തിരിപ്പുകേന്ദ്രത്തിന്റെ തകരഷീറ്റ് മേഞ്ഞ പുരയാകെ തുരുമ്പിച്ച് തൂണുകളും മേൽക്കൂരയും തകർന്നുവീണിരിക്കുകയാണ്.
ബസ് കാത്തുനിൽക്കുന്നവർക്ക് വെയിലത്തും മഴയത്തും ഒന്ന് കയറി ഇരിക്കാൻപോലും സാധിക്കാത്ത അവസ്ഥയാണിപ്പോഴുള്ളത്. കൂടാതെ, കാടുമൂടി ഇതിനകത്ത് കയറാൻപോലും പറ്റില്ല.
അന്തർസംസ്ഥാന പാതയിലാണ് ഈ ദുരവസ്ഥ. അപകടനിലയിൽ സ്ഥിതിചെയ്യുന്ന ബസ് കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ടി.എ. മഹ്മൂദ് ഹാജി കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

