ഫണ്ടുമോഷണം; മുൻ പ്രിൻസിപ്പൽ ഇൻ ചാർജിനെതിരെ പരാതി
text_fieldsകുമ്പള: സ്കൂൾ വികസന ഫണ്ടിൽ നിന്ന് 35ലക്ഷം രൂപ സ്വന്തംപേരിലേക്ക് മാറ്റിയ മുൻ വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഇൻ ചാർജ് കെ. അനിലിനെതിരെ മുൻ എസ്.എം.സി ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, നിലവിലെ എസ്.എം.സി ചെയർമാൻ ആരിഫ് എൻജിനീയർ എന്നിവർ കുമ്പള പൊലീസിൽ പരാതി നൽകി. സ്കൂളിൽ നടന്ന സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.ടി.എ വിജിലൻസിനും ഡി.ഡിക്കും പൊലീസിലും പരാതി നൽകി.
സർവിസിൽ നിന്ന് വിരമിച്ച മുൻ ഹെഡ്മാസ്റ്റർ കെ. സുകുമാരൻ തന്റെ ഭരണകാലത്തെ സാമ്പത്തിക ഇടപാടുകൾ ഓഡിറ്റിന് വിധേയമാക്കിയപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസിലായത്. ഇത് പി.ടി.എ യോഗത്തിൽ വലിയ ഒച്ചപ്പാടിനും വഴിവെച്ചു. പിന്നീട് പി.ടി.എ അംഗങ്ങൾ ബാങ്കിൽ അന്വേഷിച്ചപ്പോൾ പണം പിൻവലിച്ചതായും കണ്ടെത്തി. അതിനിടെ പി.ടി.എ യോഗത്തിൽ അധ്യാപകർ മൗനം പാലിച്ചത് ഏറെ വിമർശനങ്ങൾക്കും കാരണമായി.
2023-24, 24-25 വർഷങ്ങളിലെ സ്കൂൾ വികസനത്തിനായുള്ള എസ്.എസ്.എ ഫണ്ട് ഉൾപ്പെടെയുള്ള തുകയാണ് മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് കെ. അനിൽ തിരിമറി നടത്തിയത്. ചെക്ക് ലീഫിൽ തങ്ങൾ ഇട്ടു കൊടുത്ത ഒപ്പ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് എസ്.എം.സി ചെയർമാന്മാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
വ്യാജ ഒപ്പിട്ടും പണം പിൻവലിച്ചിട്ടുണ്ട്. സ്കൂളിലെ ദൈനംദിന ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് ചെറിയ തുക എഴുതി ഒപ്പിട്ട ചക്കിൽ പിന്നീട് വലിയ തുക എഴുതി ലക്ഷങ്ങൾ തിറിമറി നടത്തി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് എസ്.എം.സി മുൻ ചെയർമാൻ സയ്യിദ് ഹാദി തങ്ങളും ആരിഫ് എൻജിനീയറും പറയുന്നത്.
സ്കൂൾ കെട്ടിട നിർമാണം, കക്കൂസ് നിർമാണം, പഠനോപകരണങ്ങൾ വാങ്ങാനുള്ള ഫണ്ട് തുടങ്ങി സർക്കാരിന്റെ വിവിധ ഫണ്ടുകളിൽ നിന്നാണ് മുൻവർഷം 13 ലക്ഷം രൂപയും ഈ വർഷം 22 ലക്ഷം രൂപയും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. വിഷയത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

