കേന്ദ്ര വാഴ്സിറ്റി വി.സിക്കെതിരെ ആൾമാറാട്ടം നടത്തി പരാതി നൽകിയത് അസി. പ്രഫസറെന്ന് പൊലീസ്
text_fieldsകേന്ദ്ര സർവകലാശാല, കാസർഗോഡ്
കാസർകോട്: കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ, രജിസ്ട്രാർ, ഫിനാൻസ് ഓഫിസർ എന്നിവർക്കെതിരെ പ്രധാനമന്ത്രി, മാനവശേഷി വികസന മന്ത്രി എന്നിവർക്ക് ഇ-മെയിലിൽ പരാതി അയച്ചത് വാഴ്സിറ്റിയിലെ തന്നെ അസി. പ്രഫസർ എന്ന് പൊലീസ് റിപ്പോർട്ട്. കേന്ദ്ര സർവകലാശാല വിഷയങ്ങളിൽ കേന്ദ്രത്തിന് പതിവായി പരാതി നൽകാറുള്ള മാവുങ്കാൽ സ്വദേശി ലക്ഷ്മണൻ കൈപ്രത്തിന്റെ പേരിൽ കത്തയച്ച കേന്ദ്ര വാഴ്സിറ്റി അധ്യാപകനും കാമ്പസ് വികസന കമ്മിറ്റി ഓഫിസറുമായ ടോണി ഗ്രേസിനെതിരെയാണ് ബേക്കൽ പൊലീസ് റിപ്പോർട്ട് നൽകിയത്.
ലക്ഷ്മണന്റെ പേരിൽ കേന്ദ്രത്തിന് പരാതി ലഭിച്ചപ്പോൾ അതിന്റെ മറുപടി അദ്ദേഹത്തിന് ലഭിച്ചു. ഇത്തരമൊരു കത്ത് താൻ അയച്ചില്ലെന്ന് അറിയിച്ച് ലക്ഷ്മണൻ സർവകലാശാലക്ക് കത്തയച്ചു. ബേക്കൽ പൊലീസിൽ പരാതിയും നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷിച്ചപ്പോഴാണ് ടോണി ഗ്രേസ്, s/o പി.ടി. കുര്യാകോസ് 28/111 ഗ്രേസ് നിവാസ്, സനാതനപുരം, ആലപ്പുഴ എന്ന വിലാസത്തിൽ എത്തിയത്. ടോണി ഗ്രേസ് ആണ് ലക്ഷ്മണന്റെ പേരിൽ തുടർച്ചയായി കേന്ദ്രത്തിലേക്ക് പരാതികൾ അയക്കുന്നതെന്ന് സൂചിപ്പിച്ചുള്ള അന്വേഷണ റിപ്പോർട്ട് ജനുവരി 21ന് ബേക്കൽ പൊലീസ് സർവകലാശാല രജിസ്ട്രാർക്ക് നൽകി.
രജിസ്ട്രാറുടെ നിയമനം, വി.സിയുടെ കൃത്യനിഷ്ഠയില്ലായ്മ തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമന്ത്രിക്കുവരെ അയച്ച കത്തിലുള്ളത്. ടോണി ഗ്രേസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആൾമാറാട്ട കത്തിൽ ആരോപണ വിധേയനായ ഫിനാൻസ് ഓഫിസർ വൈസ് ചാൻസലർക്ക് കത്ത് നൽകിയിട്ടുണ്ട്. ആൾമാറാട്ടം നടത്തി വ്യക്തിഹത്യ നടത്തിയതിനെതിരെ ഭാരതീയ ന്യായസംഹിത 319 വകുപ്പനുസരിച്ച് നടപടി വേണമെന്നാണ് ആവശ്യം. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും മറ്റു ചിലരും ഉൾപ്പെട്ടിട്ടുണ്ടെന്നും ഫിനാൻസ് ഓഫിസറുടെ കത്തിൽ പരാമർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

