ഹയർ സെക്കൻഡറി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് മനുഷ്യാവകാശ ലംഘനമെന്ന് കമീഷൻ
text_fieldsകാസർകോട്: ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള ഒഴിവുകൾ പി.എസ്.സിക്ക് യഥാസമയം റിപ്പോർട്ട് ചെയ്യണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ഇപ്രകാരം ചെയ്യാതിരിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ പറഞ്ഞു. റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടും ഉദ്യോഗസ്ഥ തലത്തിലുള്ള അനാസ്ഥയും സ്ഥാപിത താൽപര്യവും കാരണം ഉദ്യോഗാർഥികൾക്ക് ജോലിയെന്ന സ്വപ്നം മരീചികയായി തുടരുന്നത് കടുത്ത നീതിനിഷേധമാണെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
മാന്യതയോടെയും അന്തസ്സോടെയും ജീവിക്കാനുള്ള സൗകര്യമാണ് ജോലി നൽകുന്നത്. അനാസ്ഥ കാണിച്ചും നിയമാനുസൃതമല്ലാതെ പ്രവർത്തിച്ചും അത് ഇല്ലാതാക്കുക എന്നത് മനുഷ്യാവകാശ ലംഘനമാണ്. ഒഴിവുള്ള തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് സർക്കാർ, പി.എസ്.സി. നിർദേശങ്ങളുടെ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു. പരാതിക്കാരി കമീഷനിൽ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളിൽ കാലതാമസം കൂടാതെ നടപടിയെടുക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
2024 ആഗസ്റ്റ് 21ന് മന്ത്രിസഭ തീരുമാനപ്രകാരം സൃഷ്ടിച്ച ഹയർ സെക്കൻഡറി തസ്തികകളിൽ നിയമനം നടത്തുന്ന കാര്യം പരിശോധിക്കണമെന്നും കമീഷൻ നിർദേശിച്ചു. സ്റ്റാഫ് ഫിക്സേഷന്റെ പേരിലും ബൈ ട്രാൻസ്ഫറിന്റെ പേരിലും തസ്തികകൾ മാറ്റിവെച്ച് ഒഴിവുകൾ പി.എസ്.സിയിൽനിന്നും മറച്ചു വെക്കുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
നിലവിലെ മുഴുവൻ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന പരാതിക്കാരിയുടെ ആവശ്യം സർക്കാർ പരിഗണിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.ബൈ ട്രാൻസ്ഫറിന്റെ പേരിൽ കാലങ്ങളായി മാറ്റി വെച്ചിരിക്കുന്ന തസ്തികകളും പി.എസ്.സിക്ക് നൽകണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
ഡയറക്ട് ലിസ്റ്റിൽ നിലവിലുള്ള തസ്തികകളിൽ 75ശതമാനം പി.എസ്.സിക്ക് നൽകണമെന്നും പരാതിക്കാരിയായ കെ.വി. സൗമ്യ ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ ആവശ്യങ്ങൾ നിലവിലെ കോടതി വിധികൾക്കും നിയമങ്ങൾക്കും അനുസൃതമായി തീരുമാനമെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ നാലാഴ്ചക്കകം അറിയിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

