ജില്ല ഓറഞ്ചിൽ അതിജാഗ്രത തുടരണം -കലക്ടര്‍
text_fieldsകാസർകോട്: കേന്ദ്ര കാലാവസ്ഥനിരീക്ഷണവകുപ്പ് ജില്ലയില്‍ വരുംദിവസങ്ങളിലും അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതി ജാഗ്രത തുടരണമെന്ന് കലക്ടര്‍ അര്ജുന് പാണ്ഡ്യന്. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ മണ്ണിടിച്ചിനുള്ള സാധ്യത കണക്കിലെടുത്ത് മലയോരപ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം.
അപകടഭീഷണിയുള്ള മേഖലകളില്‍നിന്ന് ജനങ്ങള്‍ ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണം. നിലവിൽ വീടുകൾക്കും കാർഷികവിളകൾക്കും വളർത്തുമൃഗങ്ങൾക്കും കച്ചവടസ്ഥാപനങ്ങൾക്കും അടക്കം നാശനഷ്ടം നേരിട്ടതിന്റെ വിവരശേഖരണം ആഗസ്റ്റ് 15നകം പൂർത്തിയാക്കാൻ കലക്ടർ നിർദേശം നൽകി. ഈസ്റ്റ് എളേരിയിലും മറ്റും ഉരുൾ പൊട്ടലിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള സാങ്കേതികസമിതി പ്രദേശത്തെ ജനങ്ങളുടെയും ജനപ്രതിനിധികളുടേയും അഭിപ്രായങ്ങൾ കൂടി കേൾക്കണമെന്ന് കലക്ടർ പറഞ്ഞു.
തുടർച്ചയായി വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിയായതിനാൽ കെട്ടിടങ്ങളുടെ സുരക്ഷയുറപ്പുവരുത്തുന്നതിനും ഇഴജന്തുക്കളുടെ സാന്നിധ്യം പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ ഉപകരണങ്ങൾ എല്ലായിടങ്ങളിലും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ല പൊലീസ് മേധാവി നിധിൻ രാജ് പറഞ്ഞു.
അടിയന്തരസാഹചര്യങ്ങൾ നേരിടുന്നതിനുള്ള ഡാറ്റാബാങ്ക് ഉറപ്പുവരുത്തണമെന്നും ജില്ല പൊലീസ് മേധാവി നിർദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ പൊലീസിന്റെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ പാലാവയൽ വില്ലേജുകളിൽ രണ്ട് ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിച്ചുവരുന്നുണ്ടെന്ന് എ.ഡി.എം പി. ഉദയകുമാർ യോഗത്തിൽ അറിയിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായാലേ ദുരിതബാധിതർക്ക് വീടുകളിലേക്ക് തിരികെ പോകാൻ കഴിയൂവെന്ന് എ.ഡി.എം പറഞ്ഞു. ഡി.എം.ഒ കെ.ടി. രേഖ, എല്‍.എസ്.ജി.ഡി ഡി.ഡി കെ.വി. ഹരിദാസ്, ആര്.ഡി.ഒമാരായ സുദീപ് കുമാര്‍, വിജുകുമാര്‍, താഹസില്‍ദാര്‍മാരായ എല്‍.കെ. സുബൈര്‍, ബി. ശ്രീകുമാര്‍, കെ. രമേശന്, കെ.ബി. രാമു, വിവിധവകുപ്പുമേധാവികള് എന്നിവർ പങ്കെടുത്തു.
കരുതിയിരിക്കുക; എട്ടുവരെ ശക്തമായ കാറ്റ്
കാസർകോട്: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ആഗസ്റ്റ് എട്ട് വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

