കണ്ണീരൊഴിയാതെ കേരകർഷകർ; മുഖംതിരിച്ച് കൃഷിവകുപ്പ്
text_fieldsരോഗവ്യാപനത്തെ തുടർന്ന് നശിക്കുന്ന തെങ്ങുകൾ
കാസർകോട്: വിളകൾക്ക് നല്ല വില ലഭിക്കുമ്പോഴും ഉൽപാദനക്കുറവിൽ നൊന്ത് കേരകർഷകർ. നാളികേര വില നാൾക്കുനാൾ കുതിച്ചുയരുമ്പോഴാണ് വിളവില്ലാതെയും തെങ്ങുകൾ രോഗങ്ങളാൽ നശിച്ചും കർഷകർ നിരാശപ്പെടുന്നത്. പച്ചത്തേങ്ങ വില കുതിച്ചുയർന്ന് 65ൽ എത്തിനിൽക്കുന്നു. കൊപ്രവിലയും ഉയരത്തിൽതന്നെ. വില സർവകാല റെക്കോഡിലേക്ക് കുതിക്കുമ്പോൾ കർഷകർ തേങ്ങയില്ലാത്തതിന്റെ സങ്കടത്തിലും.
രാജ്യത്തുടനീളം നാളികേര ഉൽപാദനം കുറഞ്ഞതാണ് വില കുതിച്ചുയരുന്നതിന് കാരണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ജില്ലയിൽ തെങ്ങുകളുടെ രോഗബാധ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നിട്ടും, കൃഷിവകുപ്പ് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. വേനൽ ശക്തമാവുകയും ചൂട് കൂടുകയും ചെയ്തതോടെ തെങ്ങുകൾ കരിഞ്ഞുണങ്ങുന്നത് വേറെയും.
തെങ്ങുകളുടെ മണ്ട ചീഞ്ഞ് കൊഴിഞ്ഞുവീഴുക, ഉണങ്ങിനശിക്കുക, വെള്ളീച്ചശല്യവും ചെമ്പൻചെല്ലി (ചെള്ള്) ശല്യവും വേറെയും. മഞ്ഞളിപ്പ്, പോളചീയല്, വാട്ടരോഗം തുടങ്ങിയവയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇതൊന്നും മുമ്പ് കേട്ടുകേൾവി ഇല്ലാത്തതെന്ന് കർഷകർ പറയുന്നു. രോഗകാരണത്തിലെ അവ്യക്തതകൊണ്ട് കർഷകർക്ക് ഇത് ഫലപ്രദമായി തടയാനും കഴിയുന്നില്ല.
വീട്ടുപറമ്പുകളിൽ നല്ലവിള ലഭിക്കുന്ന തെങ്ങുകളുടെ നാമ്പുകളാണ് ചെമ്പൻചെല്ലി നശിപ്പിക്കുന്നത്. രോഗം മറ്റുള്ള തെങ്ങുകളിലേക്ക് വ്യാപിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. പച്ച ഓലകളാൽ സമ്പുഷ്ടമായിരുന്ന തെങ്ങിൻ തോപ്പുകളെല്ലാം കരിഞ്ഞുണങ്ങിയ അവസ്ഥയിലാണിപ്പോൾ. തെങ്ങുകൾ വ്യാപകമായി നശിക്കുന്നതും ഉൽപാദനം കുറയുന്നതുംവഴി കർഷകരുടെ ജീവിതമാർഗംകൂടി അടയുകയാണ്.
രണ്ടു വർഷത്തിനിടയിൽ നൂറോളം തെങ്ങുകളാണ് ജില്ലയിൽനിന്ന് രോഗവ്യാപനംമൂലം മുറിച്ചുമാറ്റേണ്ടിവന്നത്. കേരകർഷകരുടെ കണ്ണീരൊപ്പാൻ ഫലപ്രദമായ നടപടി കൈക്കൊള്ളണമെന്നാണ് ആവശ്യം. അടക്ക കർഷകരുടെ പ്രശ്നം പഠിക്കാൻ കൃഷിവകുപ്പ് തയാറായതുപോലെ തെങ്ങുകളുടെ നശീകരണത്തെക്കുറിച്ചും സമഗ്രമായ പഠനം വേണമെന്നാണ് കേരകർഷകർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.