തീരദേശ നിയമം; ദുരിതക്കയത്തിൽ കടലോര പഞ്ചായത്തുകൾ
text_fieldsകുമ്പള തീരദേശ മേഖലയിലെ കോയിപ്പാടി മത്സ്യഗ്രാമം
കാസർകോട്: തീരദേശ നിയമത്തിൽ ഇളവില്ലാത്തതിനാൽ ദുരിതത്തിലായി മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ പഞ്ചായത്തുകൾ. മഞ്ചേശ്വരം മണ്ഡലത്തിലെ മൂന്നു കടലോര പഞ്ചായത്തുകളിൽ തീരദേശ നിയമത്തിലെ ഇളവു നേടിയെടുക്കാൻ കഴിയാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാണ് ആക്ഷേപം.
തീരദേശ പരിപാലന നിയമത്തിൽ കേന്ദ്രം ഇളവുകൾ അനുവദിച്ചതിന്റെ ഭാഗമായി കേരളം തയാറാക്കിയ കരടിൽ സംസ്ഥാനത്തെ 66 പഞ്ചായത്തുകൾക്ക് ഇളവ് ലഭിച്ചപ്പോൾ മഞ്ചേശ്വരം കടലോര മേഖലയിലെ പഞ്ചായത്തുകളായ മഞ്ചേശ്വരം, മംഗൽപാടി, കുമ്പള എന്നിവ തഴയപ്പെട്ടത് പുനഃപരിശോധിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മൊഗ്രാൽ പുത്തൂർ അടക്കമുള്ള പഞ്ചായത്തുകൾക്ക് ഇളവ് ലഭിച്ചപ്പോൾ തൊട്ടടുത്ത കുമ്പളക്ക് നിയമത്തിന്റെ ഇളവ് ലഭിച്ചില്ല. ഇത് തീരദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. സർക്കാർ ഈ വിഷയവുമായി ബന്ധപ്പെട്ട് കരട് തയാറാക്കുമ്പോൾ ജനപ്രതിനിധികളും പഞ്ചായത്ത് ഭരണസമിതികളും വേണ്ടത്ര ശ്രദ്ധചെലുത്തിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വലിയ ജനസംഖ്യയുള്ളതും കടലോരത്ത് താമസിക്കുന്നവരുമായ ജനവിഭാഗമുള്ള മേഖലയാണ് മഞ്ചേശ്വരം, മംഗൽപാടി, കുമ്പള തീരദേശ പഞ്ചായത്തുകൾ. നിയമത്തിന്റെ മൂന്ന് എ ഗണത്തിൽപെടുത്തേണ്ട ഈ പഞ്ചായത്തുകളാണ് തീരദേശ നിയമ ഇളവിൽ തഴയപ്പെട്ടത്.
ഇളവ് ലഭിച്ചിരുന്നുവെങ്കിൽ നിർമാണപ്രവർത്തനങ്ങൾക്ക് 200 മീറ്റർ എന്നത് 50 ആയി ചുരുങ്ങുമായിരുന്നു. പൊതുജനങ്ങളിൽനിന്ന് ഏറെ കാലം അഭിപ്രായങ്ങളും പരാതികളും കേട്ടതിനു ശേഷമാണ് കേന്ദ്രസർക്കാർ കരട് പ്രസിദ്ധീകരിച്ചത്. പിന്നീട് കരട് സംസ്ഥാന സർക്കാറിന് കൈമാറി. ആക്ഷേപങ്ങളും പരാതികളുമുണ്ടെങ്കിൽ അറിയിക്കാനും നിർദേശിച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ കരടിൽ നേരിയ മാറ്റങ്ങൾ വരുത്തി അതേപടി അംഗീകരിക്കുകയായിരുന്നു. തീരദേശ പരിപാലന നിയമത്തിൽ നിന്നുള്ള ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന മണ്ഡലത്തിലെ തീരദേശ ജനത ഇപ്പോൾ നിരാശയിലാണ്. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർക്ക് വീട് വെക്കുന്നതിനും മറ്റും നിലവിലെ നിയമം അനുവദിക്കുന്നില്ല. ഇവ പരിഹരിക്കാനും ഇളവുകൾ നേടിയെടുക്കാനും എന്ത് ചെയ്യാനാകുമെന്ന ചർച്ചകൾ തീരദേശ മേഖലയിൽ ഗ്രാമസഭകളിലൂടെ ഗ്രാമപഞ്ചായത്തുകൾ നടത്തിവരുന്നുണ്ട്. ഇത് കടലോര നിവാസികൾക്ക് നേരിയ പ്രതീക്ഷയും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

