വിസ്മയമായി ചിത്രേഷ് മാഷിന്റെ വരകൾ
text_fieldsചിത്രേഷ് മാസ്റ്റർ വരച്ച ചിത്രങ്ങൾ (ഇൻസൈറ്റിൽ ചിത്രേഷ് മാസ്റ്റർ)
ചെറുവത്തൂർ: ഔപചാരികമായി ചിത്രകല അഭ്യസിക്കാതെ കുട്ടിയുടെ ഒരു ലളിതമായചോദ്യത്തിൽനിന്ന് ആവേശം ഉൾക്കൊണ്ട് വരയുടെയും വർണങ്ങളുടെയും വിസ്മയലോകം തീർക്കുകയാണ് കാലിക്കടവ് എരവിലെ അധ്യാപകനായ ചിത്രേഷ്. കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക വി.എച്ച്.എസ്.എസിലെ ഹൈസ്കൂൾ വിഭാഗം സാമൂഹിക ശാസ്ത്ര അധ്യാപകനാണ് അദ്ദേഹം.
സ്കൂളിൽനിൽക്കുന്നതിനിടയിൽ ഒരു കുട്ടി അപ്രതീക്ഷിതമായി മാഷിനെ സമീപിക്കുകയും മാഷിന് ചിത്രം വരക്കാൻ അറിയുമോ എന്ന് ചോദിക്കുകയും ചെയ്തതാണ് ചിത്രേഷിന്റെ ജീവിതത്തിലെ വഴിത്തിരിവ്. ചോദ്യം മനസ്സിലുണ്ടാക്കിയ കൗതുകവും വെല്ലുവിളിയും ആണ് ചിത്രരചനയിലേക്ക് അദ്ദേഹത്തെ നയിച്ചത്. തുടർന്ന് ശാസ്ത്രീയമായ പരിശീലനം ഇല്ലാതെ ഇന്റർനെറ്റിന്റെയും സമൂഹ മാധ്യമങ്ങളുടെയും സഹായത്തോടെ റിയലിസം, മാജിക്കൽ റിയലിസം, ഇന്ത്യൻ പാരമ്പര്യ ചിത്രകല രീതികൾ എന്നിവ സ്വയം പഠിച്ചെടുക്കുകയായിരുന്നു.
വെക്കേഷൻ കാലയളവിൽ വെല്ലുവിളി ഏറ്റെടുത്ത് വെറും 25 ദിവസങ്ങൾകൊണ്ടാണ് അദ്ദേഹം നൂറിലധികം ചിത്രങ്ങൾ വരച്ചുതീർത്തത്. രാത്രി ഏറെ വൈകിയും ചിത്രരചനക്കായി സമയം കണ്ടെത്തിയ അദ്ദേഹം അക്രിലിക് വാട്ടർ കളറുകളിൽ എ ഫോർ ഷീറ്റുകൾ ഉപയോഗിച്ചാണ് മനോഹരമായ പോർട്രെയിറ്റുകൾ തയാറാക്കിയത്. മാതാവിന്റെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും നിരന്തരമായ പിന്തുണയും പ്രോത്സാഹനവുമാണ് ഈ യാത്രക്ക് ഊർജമായതെന്ന് അദ്ദേഹം പറയുന്നു.
ചിത്രകലയ്ക്ക് പുറമേ, സാഹിത്യലോകത്തും തന്റേതായ കൈയൊപ്പ് ചാർത്തിയിരിക്കുകയാണ് ചിത്രേഷ് മാസ്റ്റർ. സാമൂഹികശാസ്ത്ര അധ്യാപകൻ എന്ന നിലയിൽ കുട്ടികളിലേക്ക് കാര്യങ്ങൾ കഥയിലൂടെയും ലളിതമായും എത്തിക്കാൻ വായനയിലൂടെ ശ്രമിക്കുന്ന അദ്ദേഹം മികച്ച ഒരു കവിയും എഴുത്തുകാരനും ആണ്. കാലം സാക്ഷി, പിറവിക്കു മുമ്പ്, നരബലി തുടങ്ങിയ കവിതകളും രംഗബോധമില്ലാത്ത കോമാളി എന്ന കഥയും വിവിധ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

