കാടുമൂടിയ അവഗണനയിൽ ചിറക്കൽ സ്റ്റേഷൻ
text_fieldsചിറക്കൽ: ചിറക്കൽ റെയിൽവേ സ്റ്റേഷൻ ഇപ്പോൾ 'കാടിനുള്ളി'ലാണ്. സ്റ്റേഷനും പരിസരവും കാടുമൂടിയതിനാൽ ഭയപ്പാടോടുകൂടി മാത്രമേ പ്ലാറ്റ്ഫോമിലേക്ക് കയറിച്ചെല്ലാൻ സാധ്യമാകൂ. കോവിഡ് കാലത്ത് അടച്ചിട്ട സ്റ്റേഷൻ പൂർണമായും കാടിനുള്ളിലായിരുന്നു. സമീപത്തെ അഞ്ചോളം വരുന്ന റസിഡൻഷ്യൽ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് ദിവസങ്ങളെടുത്ത് കാടു വെട്ടിത്തെളിച്ചത്. റെയിൽവേയുടെ നേരിട്ടുള്ള ചുമതലയിലല്ലാതെ ഹാൾട്ടിങ് സ്റ്റേഷനായി പ്രവർത്തിക്കുന്ന ഇവിടെ ഒരു വനിത ജീവനക്കാരി മാത്രമാണുള്ളത്. മുമ്പ് നിരവധി ടെയിനുകൾ നിർത്തിയിരുന്ന ഇവിടെ കോവിഡിന് ശേഷം കണ്ണൂർ -ചെറുവത്തൂർ സ്പെഷൽ എക്സ്പ്രസ്, കണ്ണൂർ -മംഗളൂരു സ്പെഷൽ എക്സ്പ്രസ് എന്നിവക്ക് മാത്രമാണ് സ്റ്റോപ്പുള്ളത്.
തുരുമ്പെടുത്ത കസേരകളും ഇഴജന്തുക്കളുടെ വിഹാര കേന്ദ്രവും സാമൂഹിക ദ്രോഹികളുടെ താവളവുമായി മാറിയിരിക്കുകയുമാണ് ഇവിടം. മംഗളൂരു, മണിപ്പാൽ എന്നിവിടങ്ങളിലെ ആശുപത്രികളിലും കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിനും പോകുന്നവരാണ് യാത്രക്കാരിൽ ഏറെ പേരും. ബസ് സൗകര്യം അധികമില്ലാത്ത അഴീക്കോട്, ചിറക്കൽ, പള്ളിക്കുന്ന്, അലവിൽ, പൂതപ്പാറ, പുതിയാപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ് സ്റ്റേഷൻ. സമീപത്തുള്ള റെയിൽവേ ക്വാർട്ടേഴ്സും കാടുമൂടി കിടക്കുകയാണ്. രാത്രിയായാൽ ഇവിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

