കാൻസർ, ഡെന്റൽ, പാലിയേറ്റീവ് മേഖലക്ക് കേന്ദ്ര സഹായം
text_fieldsrepresentational image
കാസർകോട്: കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍ കേന്ദ്രീകരിച്ച് പാലിയേറ്റിവ്, കാൻസർ, ഡെന്റൽ പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര ധനകാര്യ കമീഷന്‍ ഹെല്‍ത്ത് ഗ്രാന്റ് അനുവദിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളില്‍ പാലിയേറ്റിവ് കെയര്‍ സംവിധാനം ഒരുക്കാന്‍ 24 ലക്ഷം രൂപ അനുവദിച്ചു.
പ്രൈമറി, സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ സംവിധാനത്തില്‍ ഒരു ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് എന്നിവരുടെ സേവനം ലഭ്യമാവും. രണ്ട് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാനും അവശ്യമരുന്നുകള്‍ ലഭ്യമാക്കാനും ഉപകരണങ്ങള്‍ വാങ്ങാനും ജീവനക്കാരുടെ ശമ്പളം അനുവദിക്കുന്നതിനുമാണ് മൂന്ന് നഗരസഭകള്‍ക്കും തുക അനുവദിച്ചിരിക്കുന്നത്.
സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പരിപാടികള്‍ നടത്താനായി ഓരോ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ അല്ലെങ്കില്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 2.1 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. യു.പി.എച്ച്.സി. പരിധിയിലുള്ള ആരോഗ്യസ്ഥാപനങ്ങളില്‍ ജില്ല ക്യാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ് ഈ തുക ചെലവഴിക്കേണ്ടത്.
കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദൈന്ംദിന പ്രവര്‍ത്തനങ്ങള്‍ക്കായി 2.9 ലക്ഷം രൂപ വീതം നല്‍കും. ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാനും ചികിത്സിക്കാനും നഗരസഭകളില്‍ ഏതെങ്കിലും രണ്ടിടത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ ആശുപത്രി കേന്ദ്രീകരിച്ച് സൗകര്യം ഒരുക്കും. ഇതിനായുള്ള സ്‌പെഷലിസ്റ്റ് ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പ്രത്യേകം നിയമിക്കും.
പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനും പരിശോധിക്കാനും നഗരകേന്ദ്രീകൃതമായ നഗര പൊതുജനാരോഗ്യ യൂനിറ്റ് ഏതെങ്കിലും ഒരിടത്ത് (അര്‍ബന്‍ പബ്ലിക് ഹെല്‍ത്ത് യൂനിറ്റ് ) സ്ഥാപിക്കും. പൊതുജനാരോഗ്യ വിദഗ്ധന്‍, എപ്പിഡമോളജിസ്റ്റ്, രണ്ട് ലാബ് ടെക്‌നീഷന്‍സ് എന്നിവരുടെ സേവനം ഇവിടെ ലഭ്യമാകും.
വയോജനങ്ങളുടെ ആരോഗ്യം പരിശോധിക്കാനും അസുഖങ്ങള്‍ നേരത്തെ തിരിച്ചറിയാനും ഏതെങ്കിലും ഒരു നഗരസഭയില്‍ ജെറിയാട്രിക് യൂനിറ്റ് സ്ഥാപിക്കും. എവിടെ സ്ഥാപിക്കണം എന്നത് സംബന്ധിച്ച് ജില്ല ആസൂത്രണ സമിതിയില്‍ അന്തിമ തീരുമാനം എടുക്കും.
മൂന്ന് നഗരസഭകളിലും സ്‌പെഷലിസ്റ്റ് പോളി ഡെന്റല്‍ ക്ലിനിക്ക് ആരംഭിക്കാനായി അറുപത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സ്‌പെഷലൈസ്ഡ് ഡെന്റല്‍ സര്‍ജനെ ഇവിടങ്ങളില്‍ നിയമിക്കും.
ഡെന്റല്‍ ഹൈജീനിസ്റ്റ്, ഡെന്റല്‍ ലാബ് ടെക്‌നീഷ്യന്‍, ഡെന്റല്‍ എക്‌സ്-റേ ടെക്‌നീഷ്യന്‍, ക്ലിനിക്കല്‍ സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പോളി ഡെന്റല്‍ ക്ലിനിക്ക്. പോളിക്ലിനിക് തുടങ്ങുന്നതിന് സൗകര്യപ്രദമായ ആശുപത്രികള്‍ ജില്ലതലത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡി.പി.സിയുടെ അംഗീകാരത്തോടെ കണ്ടെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

