ഭൂഗർഭജല സുരക്ഷ സംവിധാനം; പരിശോധന നടത്തി കേന്ദ്ര ഭൂജല ബോര്‍ഡ്
text_fieldsമുളിയാറിലെ പരയങ്ങോട് ബോര്‍വെല്‍ റീചാര്‍ജ് സംവിധാനം കേന്ദ്ര ഭൂജല ബോര്‍ഡ് ശാസ്ത്രജ്ഞന് പരിശോധിക്കുന്നു
കാസർകോട്: ജില്ലയിലെ ഭൂഗര്‍ഭ ജല സുരക്ഷാസംവിധാനം, റീചാര്‍ജ് എന്നിവ പരിശോധിക്കുന്നതിന് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ് ബി വിഭാഗം ശാസ്ത്രജ്ഞന് പങ്കജ് ബക്ഷി ജില്ലയിലെത്തി.
ഭൂഗര്‍ഭ ജലവകുപ്പിന്റെ ജെ.എസ്.ജെ.ബി പോര്‍ട്ടലുകളില്‍ രേഖപ്പെടുത്തിയ ജലസേചനം, നബാര്‍ഡ്, ഭൂഗര്‍ഭ ജലവകുപ്പ് എന്നീ വകുപ്പുകള്‍ നടത്തിവരുന്ന കിണര്‍ റീചാര്‍ജ്, ചെക് ഡാം തുടങ്ങിയ ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുന്നതിനും വിലയിരുത്തുന്നതിനുമായാണ് രണ്ടു ദിവസങ്ങളിലായി പങ്കജ് ബക്ഷി ജില്ല സന്ദര്‍ശിച്ചത്. ജില്ലയില്‍ ആകെ രേഖപ്പെടുത്തേണ്ട 640 ജലസുരക്ഷാപ്രവര്ത്തനങ്ങളില് 630 പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.
ഇതിന്റെ ഒരു ശതമാനം അതായത്, ആറ് ജലസുരക്ഷാ പ്രവര്‍ത്തനങ്ങളാണ് ഭൂഗര്‍ഭജല ബോര്‍ഡ് ശാസ്ത്രജ്ഞനായ പങ്കജ് ബക്ഷിയുടെ നേതൃത്വത്തില്‍ നോഡല്‍ ഓഫിസര്‍ അരുണ്‍ ദാസ്, നബാര്‍ഡ് ഡി.ഡി.എം കെ.എസ്. ഷാരോണ്‍വാസ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ല എന്‍ജിനീയര്‍ സാദ, ജലസേചനവകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.ടി. സഞ്ജീവ്, വകുപ്പ് പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘം പരിശോധിച്ചത്.
ആദ്യദിവസമായ ബുധനാഴ്ച കാറഡുക്ക ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന ദേലമ്പാടി വനംവകുപ്പിന് കീഴിലുള്ള ഭൂഗര്‍ഭജല റീചാര്‍ജ് സ്ട്രക്ചര്‍, നബാര്‍ഡിന് കീഴിലെ കരിവേടകം തവനത്തെ ബോര്‍വെല്‍ റീചാര്‍ജ് പ്രവര്‍ത്തനങ്ങള്‍, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതികളുടെ ഭാഗമായ മുളിയാറിലെ ബോര്‍വെല്‍ റീചാര്‍ജ് പ്രവര്‍ത്തനങ്ങള്‍, കാസര്‍കോട് ബ്ലോക്ക് പരിധിയിൽപെടുന്ന മധൂര്‍ ഷിറിബാഗിലു ഭൂഗര്‍ഭജല റീചാര്‍ജ് പ്രവര്‍ത്തനങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
പരപ്പ ബ്ലോക്ക് പരിധിയിലെ കുറുക്കുറ്റിപൊയിലില് മണ്ണുസംരക്ഷണ വകുപ്പിന് കീഴില്‍ വരുന്ന രണ്ട് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിയശേഷം വ്യാഴാഴ്ച ശാസ്ത്രജ്ഞന് ജില്ലയില്‍നിന്ന് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

