ബേളയിൽ താരമായി കുള്ളൻ പശുക്കൾ
text_fieldsബേള കുമാരമംഗലത്തെ കുള്ളൻ പശുഫാം
ബദിയഡുക്ക: എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള കാടുനിറഞ്ഞ ബേളയിലെ പാറപ്പുറം ജനങ്ങൾക്കിന്ന് കൗതുകയിടമായി മാറുകയാണ്. കാരണം മറ്റൊന്നുമല്ല, ഇവിടെ താരമാവുകയാണ് കുള്ളൻ പശുക്കൾ. ബദിയഡുക്ക പഞ്ചായത്തിലെ ബേള കുമാരമംഗലം എന്ന സ്ഥലം പഞ്ചായത്ത് 6.32 ഏക്കർ വിട്ടുകൊടുത്തതോടെ മൃഗസംരക്ഷണ വകുപ്പാണ് ഇവിടേക്ക് കുള്ളൻ പശുക്കളെ കൊണ്ടുവന്നത്. ഇന്നിത് കാസർകോട്ടുകാരുടെ സ്വന്തം.
നാല് ഫാം കെട്ടിടത്തിൽ 150 കുള്ളൻ പശുക്കളുടെ ജീവിതരീതി ചിട്ടയോടെ കാണുന്നതും കന്നുകാലി വളർത്തും കർഷകരെ ഇതിലേക്ക് ആകർഷിക്കുന്നതുമാണ്. വിശാലമായ സ്ഥലത്ത് പശുക്കൾക്കാവശ്യമായ പുല്ലും ചാണകം സൂക്ഷിക്കാനുള്ള അറകളും ജോലിക്കാർക്കുള്ള ക്വാർട്ടേഴ്സുമുണ്ടിവിടെ. ഉദ്യോഗസ്ഥന്മാർക്കുള്ള എല്ലാ സൗകര്യത്തോടെ ഓഫിസ് കെട്ടിടവും മേയ് 19ന് വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി തുറന്നുകൊടുക്കുകയും ചെയ്തതോടെ ജനങ്ങളിത് ഏറ്റെടുത്തു.
ഒരുകാലത്ത് കാസർകോട്ടെ ഗ്രാമങ്ങളിൽ സുലഭമായുണ്ടായിരുന്ന ഈ പശുക്കളിന്ന് വംശനാശഭീഷണിയിലാണ്. പേരിൽ കുള്ളനാണെങ്കിലും നാടൻ പശുക്കളുടെ കൂട്ടത്തിലെ തലയെടുപ്പുള്ള കൂട്ടരാണ് കാസർകോടൻ കുള്ളന്മാർ. ഹരിയാനയിലെ കർനാലിലുള്ള നാഷനൽ ബ്യൂറോ ആൻഡ് അനിമൽ ജനറ്റിക് റിസർച് എന്ന സ്ഥാപനം 34 ഇനങ്ങളെയാണ് നാടൻ പശുക്കളുടെ കൂട്ടത്തിൽപെടുത്തിയിട്ടുള്ളത്.
കേരളത്തിൽനിന്നുള്ള വെച്ചൂർ പശുവും കാസർകോട് കുള്ളനുമാണ് അക്കൂട്ടത്തിലുള്ളത്. കഴുത്തിൽ കയറുപോലുമില്ലാതെ കാട്ടിലും കുന്നിൻപുറങ്ങളിലും മേഞ്ഞുനടന്നിരുന്ന ഇവക്ക് മനുഷ്യൻ പരിസ്ഥിതിക്കുമേൽ നടത്തിയ കടന്നുകയറ്റം തന്നെയാണ് പ്രധാന വിനയായത്.
കൂടുതൽ പാലുൽപാദിപ്പിക്കുന്ന സങ്കരയിനങ്ങളുടെ വരവും തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് കാസർകോടൻ കുള്ളനെ സംരക്ഷിക്കാനായി ബദിയടുക്ക പഞ്ചായത്തിലെ ബേള കുമാരമംഗലം ക്ഷേത്രത്തിനടുത്തായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഫാം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

