ഹരിത കർമസേന പ്രവർത്തകരെയും കോഓഡിനേറ്ററെയും തടഞ്ഞ സംഭവത്തിൽ കേസ്
text_fieldsപ്രതീകാത്മക ചിത്രം
ബദിയടുക്ക: ഹരിത കർമസേന പ്രവർത്തകരെയും കോഓഡിനേറ്ററെയും തടഞ്ഞ വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും കൈയേറ്റം ചെയ്യാൻ മുതിർന്ന 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. ബദിയടുക്ക ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.
ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ ഹരിത കർമസേന അംഗങ്ങളായ രേഖയും സുനിത ക്രാസ്റ്റയും 12നും 13 നും പ്ലാസ്റ്റിക് ശേഖരിക്കാൻ ബദിയടുക്ക ടൗണിലെ ചില്ലീസ് സൂപ്പർമാർക്കറ്റിലെത്തിയത്. എന്നാൽ പ്ലാസ്റ്റിക്കോ യൂസേസ് ഫീയോ നൽകാൻ തയാറായില്ല. കൂടാതെ ഇവരെ അപമാനിക്കുന്ന രീതിയിൽ പെരുമാറി.
ജാതിപ്പേര് പറഞ്ഞും അപമാനിച്ചു. വേറെ പണിയൊന്നും ഇല്ലെങ്കിൽ പിച്ചയെടുക്കാൻ പോകണമെന്നും ആക്രോശിച്ചു. ഹരിത സേനാംഗങ്ങൾ വിളിച്ചുപറഞ്ഞതിനനുസരിച്ചു കർമസേന കോഓഡിനേറ്റർമാർ ഇതുസംബന്ധിച്ച് വെള്ളിയാഴ്ച സൂപ്പർ മാർക്കറ്റിലെത്തി നോട്ടീസ് നൽകാൻ ശ്രമിച്ചപ്പോൾ അവരെയും തടഞ്ഞുവെച്ചു അസഭ്യം പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു. ഹരിത കർമസേന കോഓഡിനേറ്റർമാർ അറിയിച്ചതിനെ തുടർന്ന് സൂപ്പർമാർക്കറ്റിലെത്തിയ പഞ്ചായത്ത് സെക്രട്ടറിയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും തടഞ്ഞുവെച്ച് ആക്രമിക്കുകയും കൈയേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
പഞ്ചായത്ത് സെക്രട്ടറി പൊലീസിനെ വിളിച്ചതോടെയാണ് സൂപ്പർമാർക്കറ്റ് ഉടമകളും ഇവരുടെ സഹായികളും പിൻവാങ്ങിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് പഞ്ചായത്ത് സെക്രട്ടറി ബദിയടുക്ക പൊലീസിലും കലക്ടർക്കും എസ്.പിക്കും പരാതി നൽകിയതിനെത്തുടർന്നാണ് രാത്രിയോടെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

