കളം നിറഞ്ഞ് വിമതർ; വിയർത്ത് പാർട്ടികൾ
text_fieldsകാസർകോട്: ജില്ലയിൽ വിമതർ കൂടുതൽ ഇറങ്ങിയ തദ്ദേശ തെരഞ്ഞെടുപ്പാകും ഇത്തവണ. സി.പി.എമ്മിൽ വരെ വിമതർ രംഗത്തിറങ്ങിയിട്ടുണ്ട്. കാറടുക്കയിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ എസ്.എഫ്.ഐ കാറടുക്ക മുൻ ഏരിയ സെക്രട്ടറിയാണ് മത്സരിക്കാനിറങ്ങിയിരിക്കുന്നത്. കർഷക സംഘം ഏരിയ പ്രസിഡന്റ് എ.വി. ജയകുമാറിനെതിരെ അഭിഭാഷകനായ കൃപേഷ് കാടകമാണ് പത്രിക നൽകിയിരിക്കുന്നത്. പാർട്ടി അംഗത്വത്തിനപേക്ഷിച്ചിട്ടും അപേക്ഷ സ്വീകരിച്ചില്ല എന്നതാണ് കൃപേഷിന്റെ മത്സരത്തിനുള്ള കാരണം. കാഞ്ഞങ്ങാട് നഗരസഭയിലും സി.പി.എമ്മിന് വിമത ഭീഷണിയുണ്ട്.
ജില്ലയിൽ ബി.ജെ.പിക്ക് ഭരണം ലഭിക്കുന്ന മൂന്ന് പഞ്ചായത്തുകളിൽ ഒന്നായ ബെള്ളൂരിൽ ഇത്തവണ വിമത ഭീഷണിയുണ്ട്. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന മഹിള മോർച്ച ജില്ല വൈസ് പ്രസിഡന്റ് കെ. ഗീതയാണ് സിറ്റിങ് വാർഡിൽ ബി.ജെ.പിയെ വെള്ളം കുടിപ്പിക്കുന്നത്. അഞ്ചാം വാർഡായ കായർപദവിൽ മത്സരിക്കുന്ന ഗീതക്ക് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ട്. വാർഡ് കമ്മിറ്റിയോഗത്തിൽ ഗീതക്കാണ് മുൻഗണന ലഭിച്ചത്. മുഴുവൻ ആളുകളും ഗീതയെ പിന്തുണച്ച് മേൽകമ്മിറ്റിക്ക് അയക്കുകയായിരുന്നു.
എന്നാൽ ബി.ജെ.പി പഞ്ചായത്ത് യോഗത്തിൽ പ്രഗതിയെ തീരുമാനിച്ചു. ഇത്തവണ ശക്തമായ തൃകോണ മത്സരത്തിലേക്കാണ് ബെള്ളൂർ പഞ്ചായത്ത് പോകുന്നത്. ഇത് ബി.ജെ.പിയുടെ പ്രതീക്ഷകളെ മങ്ങലേൽപിക്കുന്നു. മുസ്ലിം ലീഗിലും വിമതർക്ക് കുറവില്ല. പടന്നയിൽ ലീഗിന്റെ കുത്തക വാർഡായ അഞ്ചിൽ മുസ്ലിം ലീഗ് നേതാവ് ബി.സി.എ റഹ്മാന്റെ സ്ഥാനാർഥിത്വം ലീഗിനെ വെള്ളം കുടിപ്പിക്കുന്നു. നീലേശ്വരം ബ്ലോക്കിലെ പടന്ന ഡിവിഷനിലേക്കും റഹ്മാൻ പത്രിക നൽകിയിട്ടുണ്ട്. പടന്നയിൽ കോൺഗ്രസിനു നൽകിയ 13ാം വാർഡിൽ മുസ്ലിം ലീഗ് നേതാവും പത്രിക നൽകിയത് ഫലത്തിൽ വിമത നീക്കമാണ്. പടന്നയിൽ മുസ്ലിം ലീഗിനെതിരെ യൂത്ത് ലീഗാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ബി.സി.എ റഹ്മാന് വേണ്ടി യുവനിരയാണ് മുന്നിലുള്ളത്.
കാസർകോട് നഗരസഭയിൽ വാർഡ് 12ൽ മുസ്ലിം ലീഗ് സ്ഥാനാർഥി ബി.ഐ. ഐഷക്കെതിരെ കോൺഗ്രസ് പത്രിക നൽകിയിട്ടുണ്ട്. കോൺഗ്രസ് മുമ്പ് ജയിച്ച വാർഡാണിത്. കഴിഞ്ഞ തവണ ബി.ജെ.പി പിടിച്ചെടുത്തു. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ട വാർഡ് കോൺഗ്രസ് ജില്ല നേതൃത്വം ലീഗിന് നൽകിയെന്നാണ് പരാതി. കോൺഗ്രസിന് പതിവായി ലഭിക്കുന്ന ഒരു സീറ്റാണിത്.
ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന് നേതൃത്വം കൂട്ടുനിന്നില്ല എന്നാണ് മണ്ഡലം കോൺഗ്രസിന്റെ പരാതി. നഗരസഭയിൽ നുള്ളിപ്പാടി ജനറൽ വാർഡിൽ ബി.ജെ.പിക്കാണ് വിമത ഭീഷണി. ഒദ്യോഗിക സ്ഥാനാർഥിയായി രമേഷിനെ തീരുമാനിച്ചപ്പോൾ കിരൺ എന്ന ബി.ജെ.പി പ്രവർത്തകൻ വിമതനായി പത്രിക നൽകി. തളങ്കര ബാങ്കോട് വാർഡിലും ലീഗിനാണ് വിമതൻ. യു.ഡി.എഫ് സ്ഥാനാർഥി ഷാഹിദ യൂസഫിനെതിരെ ഫർസാന ഷിഹാബാണ് സ്ഥാനാർഥി. നഗരസഭയിൽ പൊതുവിൽ ദുർബലമായ സി.പി.എം വിമതരെ ചാക്കിലാക്കാൻ ശ്രമം നടത്തുന്നുണ്ട്.
ചെമ്മനാട് പഞ്ചായത്തിൽ കോളിയടുക്കം വാർഡിൽ കോൺഗ്രസിന്റെ അഞ്ചന പവിത്രനെതിരെ മാധവി മുണ്ടോൾ ആണ് വിമത സ്ഥാനാർഥി. ബി.ജെ.പിയുടെ ആധിപത്യമുള്ള മധുർ പഞ്ചായത്തിൽ വിമത ഭീഷണിയുണ്ട്. കോട്ടക്കണി വാർഡിൽ ബി.ജെ.പി മധൂർ ഏരിയ പ്രസിഡന്റ് മാധവിക്കെതിരെ ബി.ജെ.പിയിലെ പ്രവീണയാണ് വിമതയായി പത്രിക നൽകിയത്. പാർട്ടിയുടെ കുത്തക വാർഡുകളിലാണ് വിമതർ കൂടുതലായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

