അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശ്വാസം; അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു
text_fieldsമൊഗ്രാൽ: കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം പഴകിദ്രവിച്ച് തകർന്നുവീണുകൊണ്ടിരുന്ന രണ്ട് കെട്ടിടങ്ങൾ പി.ഡബ്ല്യൂ.ഡി അധികൃതരുടെ നിർദേശപ്രകാരം വെള്ളിയാഴ്ച രാവിലെ പൊളിച്ചുനീക്കി. ഇതുസംബന്ധിച്ച് മേയ് 31ന് ‘പൊളിക്കാൻ നടപടിയില്ല; കുട്ടികൾക്കായി കാവലിരിക്കണം’ തലക്കെട്ടിൽ ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കുമ്പള സ്കൂളിനടുത്തുള്ള ഈ പഴകിദ്രവിച്ച കെട്ടിടങ്ങൾ വിദ്യാർഥികൾക്ക് ഭീഷണിയാകുന്നുവെന്നും പൊളിക്കണമെന്നും പി.ടി.എയും അധ്യാപകരും നാട്ടുകാരും ലക്കി സ്റ്റാർ ക്ലബ് അംഗങ്ങളും കഴിഞ്ഞ ഒരുപതിറ്റാണ്ടായി ആവശ്യപ്പെട്ടുവരുകയായിരുന്നു.
രണ്ടു പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായ പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസും അനുബന്ധ കെട്ടിടവുമാണ് വിദ്യാർഥികൾക്ക് ഭീഷണിയായിട്ടുണ്ടായിരുന്നത്. സ്കൂളിലേക്ക് നേരത്തെ എത്തുന്ന വിദ്യാർഥികളും ഇടവേളകളിൽ പുറത്തിറങ്ങുന്ന വിദ്യാർഥികളുമൊക്കെ മൈതാനത്തിന് സമീപം ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന കെട്ടിടത്തിനടുത്തേക്കാണ് പോകുന്നത്. ഇത് രക്ഷിതാക്കളിലും അധ്യാപകരിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്.
50 വർഷത്തിലേറെ പഴക്കമുള്ളതാണ് ഇരു കെട്ടിടവും. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വിശ്രമത്തിനൊരുക്കിയതാണ് ഈ കെട്ടിടങ്ങൾ. പിന്നീടത് പി.ഡബ്ല്യൂ.ഡി ഉപേക്ഷിക്കുകയായിരുന്നു. രണ്ടായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും യു.പി സ്കൂളിലെയും വിദ്യാർഥികൾ ഇതിനരികിലൂടെയാണ് നടക്കുകയും വിശ്രമവേളകളിൽ കളിക്കുകയും ചെയ്യുന്നത്.
കളിക്കിടെ മഴപെയ്താൽ ഈ കെട്ടിടത്തിനുള്ളിൽ കയറിയാണ് നിൽക്കാറുള്ളതും. വിഷയത്തിൽ സ്കൂൾ തുറക്കുന്നതിന് മുമ്പായി അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ, കെട്ടിടം പൊളിച്ചുമാറ്റിയത് അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശ്വാസമായി.

