ബസ് സ്റ്റാൻഡിലെ മുലയൂട്ടൽ കേന്ദ്രം പൊളിച്ച സംഭവം; ക്രമക്കേട് നടന്നതായി വിവരാവകാശ രേഖ
text_fieldsനീലേശ്വരം: 16 കോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച് നാടിന് സമർപ്പിച്ച നീലേശ്വരം ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഗുരുതരമായ നിയമലംഘനങ്ങളും അനധികൃത നിർമാണങ്ങളും നടന്നതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 2026 ഫെബ്രുവരി ആറിന് ബസുകൾ സർവീസ് ആരംഭിച്ച ബസ് സ്റ്റാൻഡിന്റെ പ്രധാന കെട്ടിടത്തിൽ രഹസ്യമായി ഘടനാപരമായ മാറ്റങ്ങൾ വരുത്തിയിരുന്നു. മുലയൂട്ടൽ കേന്ദ്രത്തിന്റെ ചുമരുകൾ യാതൊരുവിധ മുൻകരുതലുകളോ അനുമതികളോ ഇല്ലാതെ പൊളിച്ച് നീക്കി അതിലൂടെ പിറകുവശത്തേക്ക് വഴി നിർമിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
നഗരസഭയുടെ ഔദ്യോഗിക വിവരാവകാശ മറുപടിയിൽ 2026 ഏപ്രിൽ 21ന് ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ മുലയൂട്ടൽ കേന്ദ്രം നിലനിർത്തിക്കൊണ്ട് അതിന്റെ അരികിലൂടെ വഴി സ്ഥാപിക്കണമെന്നാണ് തീരുമാനിച്ചതെന്നാണ് നഗരസഭയുടെ വാദം. എന്നാൽ നാലുനിലകളുള്ള ഒരു പൊതുക്കെട്ടിടത്തിൽ ഇത്തരത്തിലുള്ള ഘടനാപരമായ മാറ്റങ്ങളോ പൊളിച്ചുമാറ്റലുകളോ വരുത്താൻ കേവലം ഒരു സ്റ്റിയറിങ് കമ്മിറ്റിക്ക് അധികാരമില്ല. വിവരാവകാശപ്രകാരം ഈ മറുപടി നൽകാനാവാത്തതിനാൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ലെന്നാണ് മറുപടി നൽകിയത്.
തുടർന്ന് 2026 ജൂലായ് 15-ന് നൽകിയ മറ്റൊരു വിവരാവകാശ ചോദ്യത്തിന്, കെട്ടിടം പൊളിച്ചുനീക്കുന്നതിന് ചീഫ് ടൗൺ പ്ലാനറുടെ അനുമതിയോ കൗൺസിൽ അംഗീകാരമോ ആവശ്യമില്ലെന്നാണ്. ഇതിനെതിരെ വിവരാവകാശ പ്രവർത്തകനായ സുരേഷ് പുതിയേടത്ത് ഒന്നാം അപ്പീൽ അധികാരിയായ എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യു സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മുമ്പാകെ സെപ്തംബർ ഒമ്പതിന് അപ്പീൽ സമർപ്പിച്ചു. നഗരസഭ കൗൺസിൽ അംഗീകരിച്ച അജണ്ടയും മിനുട്സ് കോപ്പിയും അപേക്ഷകന് നൽകാൻ ഉത്തരവിട്ടു.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് കൂടുതൽ ദുരൂഹതകൾ പുറത്തുവന്നത്. 2026 ജൂലായ് 27ന് നടന്ന മുനിസിപ്പൽ കൗൺസിൽ യോഗത്തിന്റെ അജണ്ടയിലെ 54-ാം നമ്പർ മാത്രമാണ് ഇതിനായി പിന്നീട് അനുവദിച്ചത്.
വിവരാവകാശ ചോദ്യത്തിന് മറുപടി നൽകാൻ വേണ്ടി മാത്രം വളരെ വൈകി വിഷയം കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്. കൗൺസിലിനെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥർ തന്നിഷ്ടപ്രകാരം എടുത്ത തീരുമാനങ്ങൾ പൊതുപണ ദുർവ്യയത്തിന് കാരണമായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

