അക്ഷരങ്ങളുടെ കൂട്ടുകാരന് ഹോം ലൈബ്രറിയൊരുക്കി ബി.ആർ.സി
text_fieldsനീലേശ്വരം: സിൻഡ്രെല്ലയും ആലിബാബയും 41 കള്ളൻമാരും ജൂലിയസ് സീസറുമൊക്കെ പുസ്തകത്തട്ടിൽ തലയുയർത്തിനിന്നപ്പോൾ പാർഥിവിന് ആഹ്ലാദമടക്കാനായില്ല. വായിക്കാനാഗ്രഹിച്ച പുസ്തകങ്ങളാണിവ. ലോക ഭിന്നശേഷിവാരാചരണത്തിന്റെ ഭാഗമായി ഹോസ്ദുർഗ് ബി.ആർ.സിയാണ് പുതുക്കൈയിലെ പാർഥിവിന്റെ വീട്ടിൽ തണലിടം എന്ന പേരിൽ ഹോം ലൈബ്രറിയൊരുക്കി വായനയുടെ പുതുലോകം തുറന്നിട്ടത്.
പുതുക്കൈ ജി.യു.പി സ്കൂളിലെ അഞ്ചാം തരം വിദ്യാർഥിയായ പാർഥിവിന് അരയ്ക്കുതാഴെ ചലനപരിമിതിയുണ്ടെങ്കിലും പുസ്തകവായനയിലും പഠനത്തിലും ആരെയും അമ്പരിപ്പിക്കുന്ന താൽപര്യമാണ്. കിട്ടുന്ന പുസ്തകങ്ങളൊക്കെ ഒറ്റയിരിപ്പിന് വായിച്ചുതീർക്കും. പുസ്തകത്തോടുള്ള കുട്ടിയുടെ അദമ്യമായ താൽപര്യം കണ്ടറിഞ്ഞാണ് ബി.ആർ.സി പ്രവർത്തകരും ക്ലാസിലെ കൂട്ടുകാരും വീട്ടിൽ മാതൃകാപരമായി ഹോം ലൈബ്രറിയൊരുക്കാൻ തീരുമാനിച്ചത്.
ഇരുനൂറോളം പുസ്തകങ്ങളോടൊപ്പം അവ വെക്കാൻ ഒരു തട്ടും കിട്ടിയപ്പോൾ ഇനി കൂടുതൽ വായിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് പാർഥിവ് എന്ന അക്ഷരങ്ങളുടെ കൂട്ടുകാരൻ. പുതുക്കൈയിലെ പ്രദീപ്-വിനീത ദമ്പതികളുടെ മകനാണ്. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണുഗോപാലൻ ഹോം ലൈബ്രറി തുറന്നുകൊടുത്തു. ബി.ആർ.സി ബി.പി.സി സനിൽകുമാർ വെള്ളുവ അധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ ബർണാഡ്, സുജ മേഴ്സി ജോസ്, കെ.വി. സേതുമാധവൻ, വി.വി. റിജേഷ്, എം.പി. മഞ്ജുള, ഉമ നീലമന, പി. വിഷ്ണു നമ്പൂതിരി, ശ്യാം മോഹൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

