മുച്ചക്ര സ്കൂട്ടറിലെ ‘വോട്ട് തേരാളി’യായി ബി.എൽ.ഒ ഹക്കിം കമ്പാർ
text_fieldsഹക്കിം കമ്പാർ ജോലിക്കിടയിൽ
മൊഗ്രാൽ: വോട്ടർപട്ടിക പുതുക്കാൻ കുന്നുംമലയും കയറിയിറങ്ങുന്ന ബി.എൽ.ഒമാരുടെ കൂട്ടത്തിൽ ശ്രദ്ധേയനാവുകയാണ് ഹക്കിം കമ്പാർ. ഒരു ഭിന്നശേഷിക്കാരന് പരിമിതികളില്ല എന്ന് തെളിയിച്ചുകൊണ്ട് തന്റെ ജോലി ആവേശപൂർവം ചെയ്തുതീർക്കുകയാണ് ഇദ്ദേഹം. തന്റെ മുച്ചക്ര സ്കൂട്ടറിന്റെ കരുത്തിൽ എല്ലാ പ്രതിസന്ധികളും മറികടന്ന് മുന്നോട്ടുപോവുകയാണ് മൊഗ്രാൽ പുത്തൂരിലെ എട്ടാം നമ്പർ ബൂത്ത് ലെവൽ ഓഫിസർ. മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ ജീവനക്കാരനാണ് ഹക്കീം.
തെരഞ്ഞെടുപ്പ് കമീഷന്റെ ഏറ്റവും താഴെത്തട്ടിലുള്ളതും എന്നാൽ ഏറ്റവും നിർണായകവുമായ ഉദ്യോഗസ്ഥരാണ് ബൂത്ത് ലെവൽ ഓഫിസർമാർ. വോട്ടർപട്ടികയിലെ പേരുകൾ ചേർക്കൽ, തിരുത്തൽ, നീക്കം ചെയ്യൽ, പുതിയ വോട്ടർമാരെ കണ്ടെത്തൽ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങളാണ് ഇവർക്കുള്ളത്. ഈ ജോലിയുടെ സുപ്രധാന ഭാഗം ഓരോ വീട്ടിലും നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുക എന്നതാണ്.
ശാരീരിക വെല്ലുവിളികളിൽ തളരാതെ സമയബന്ധിതമായി തന്റെ ബൂത്തിലെ വീടുകൾ കയറിയിറങ്ങാൻ അദ്ദേഹം ആശ്രയിക്കുന്നത് തന്റെ മുച്ചക്ര സ്കൂട്ടറിനെയാണ്. പോളിയോ വാക്സിനേഷൻ പരിപാടിയിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയും പ്രചാരണം നടത്തിയിരുന്നു. കേരള എൻ.ജി.ഒ യൂനിയൻ മഞ്ചേശ്വരം ഏരിയ ജോ. സെക്രട്ടറി, ഭിന്നശേഷി ജീവനക്കാർക്കിടയിൽ പ്രവർത്തിക്കുന്ന ഡി.എ.ഡബ്ല്യു.എഫിന്റെ ഏരിയ സെക്രട്ടറി എന്നീ നിലകളിൽ ഹക്കീം പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

