കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: ബി.ജെ.പി നേതാവ് കീഴടങ്ങി
text_fieldsഅജയകുമാർ
കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സൊസൈറ്റിയിലെ തട്ടിപ്പു കേസിൽ പ്രതിയായ ബി.ജെ.പി നേതാവ് കോടതിയിൽ കീഴടങ്ങി. കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലറും ബി.ജെ.പി നേതാവുമായ അജയകുമാർ നെല്ലിക്കാടാണ് കാസർകോട് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സി.പി.എം നിയന്ത്രണത്തിലുള്ള അഗ്രികൾച്ചറിസ്റ്റ് സൊസൈറ്റിയിൽ നടന്ന 4.76 കോടി രൂപയുടെ തട്ടിപ്പ്കേസിൽ അജയകുമാർ എട്ടാം പ്രതിയാണ്. സൊസൈറ്റി സെക്രട്ടറി കെ സതീശൻ കവർച്ച ചെയ്ത സ്വർണം പണയപ്പെടുത്താൻ സഹായിച്ചതാണ് അജയനെതിരെയുള്ള കുറ്റം.
കേസിൽ ആകെ 11 പ്രതികളാണുള്ളത്. കണ്ണൂർ ക്രൈം ബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. സസ്പെൻഷനിലിരിക്കെ കർമന്തൊടി ബാളക്കണ്ടത്തെ കെ. രതീശൻ ലോക്കറിൽനിന്ന് പട്ടാപ്പകൽ സ്വർണാഭരണങ്ങൾ കടത്തുകയായിരുന്നു. ഇയാൾ കേസിലെ ഒന്നാം പ്രതിയാണ്. ബേക്കൽ ഹദ്ദാദ് നഗറിലെ കെ. അഹമ്മദ് ബഷീർ പറ ക്ലായി ഏഴാംമൈലിലെ എ. അബ്ദുൽ ഗഫൂർ, പയ്യന്നൂരിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി ജബ്ബാർ, കോഴിക്കോട് അരക്കിണർ സ്വദേശി സി. നബീൽ, കാഞ്ഞങ്ങാട് സ്വദേശി അനിൽകുമാർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
332 പവൻ സ്വർണമാണ് കവർന്നത്. ഇത് വിവിധ ബാങ്കുകളിൽ പണയപ്പെടുത്തിയാണ് ഒന്നാം പ്രതിക്ക് മറ്റു പ്രതികൾ സഹായം നൽകിയത്. കനറാ ബാങ്കിന്റെ പെരിയ-പള്ളിക്കര ശാഖകളിൽ പണയപ്പെടുത്തിയ 100 ഓളം പവൻ സ്വർണാഭണങ്ങൾ തിരിച്ചു കിട്ടാൻ ക്രൈം ബ്രാഞ്ച് ബാങ്കിനെ സമീപിച്ചിട്ടുണ്ട്. കോടതിയിൽ കീഴടങ്ങിയ അജയകുമാർ നെല്ലിക്കാടിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

