ഒരുങ്ങുന്നു, ജൈവസമൃദ്ധ ‘കാവുഗ്രാമം’
text_fieldsജില്ലയിലെ ഒരു കാവ്
കാസർകോട്: കാലത്തിന്റെ കുത്തൊഴുക്കും മനുഷ്യരുടെ ഇടപെടലും കാവുസംരക്ഷണത്തിന്റെ ആവശ്യകത വര്‍ധിപ്പിച്ച പുതിയകാലത്ത് ഉദുമ ഗ്രാമപഞ്ചായത്തിലെ കാവുഗ്രാമങ്ങള്ക്ക് പറയാന്‍ കഥകളേറെയാണ്. ഗ്രാമപഞ്ചായത്തിലെ ചെറുതും വലുതുമായ ഇരുപതോളം കാവുകളുടെ തല്‍സ്ഥിതിയും പാരിസ്ഥിതിക പ്രാധാന്യവും മനസ്സിലാക്കുന്നതിനായി കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി നടത്തിയ ജൈവവൈവിധ്യ പഠനം പൂര്‍ത്തീകരിച്ചു.
കാവുഗ്രാമം പദ്ധതിരേഖ പുറത്തിറക്കിയപ്പോള്‍ ലഭിച്ചത് അപൂര്‍വമായ വിവരങ്ങളാണ്. പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലനസമിതിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.
ഫണം വിടർത്തിയപോലെ നാഗവള്ളികളാല് സമ്പന്നമായ അടുക്കത്ത് വയല്‍ നാഗത്തിങ്കാല്‍ കാവ്, മേലോത്ത് വളപ്പ് കാവ്, ബാര മുക്കുന്നത് കാവ്, മേല്‍ ബാര പരുതാളി കാവ്, കൊപ്പല്‍ ഗുളികന് കാവ്, മേല്‍ബാര കനകത്തൂര്‍ നാല്വര്ക്കാവ്, ബാരാ മുല്ലച്ചേരി തോടരികില്‍ സ്ഥിതിചെയ്യുന്ന കാവും വളപ്പ് കാവ്, 135 വര്‍ഷത്തോളം പഴക്കമുള്ള കാപ്പുകയം കാവ്, ഉദയമംഗലം ചെരുപ്പാടിക്കാവ്, ബാര വണ്ണാരത്ത് കാവ്, പൂക്കുന്നോത്ത് ഭഗവതി ക്ഷേത്രക്കാവ്, ഉദുമ കോതാമ്പറത്ത് ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്രക്കാവ്, വടക്കേ വീട് കാവ്, ആറാട്ടുകടവ് തെക്കേ കുന്നുമ്മല്‍ ഗുളികന് കാവ്, എരോല്‍ ഗുളികന് കാവ്, ആട്യത്ത് മൂപ്പന് മൂല ഗുളികന് മരം, മൈലാട്ടി ഗുളികന് തറ, അടുക്കത്ത് വയല്‍ ആലക്കാല്‍ രക്തേശ്വരി കാവ്, ഉദയമംഗലം വട്ടക്കാവ് തുടങ്ങിയ കാവുകളിലാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ ജൈവവിധ്യപഠനം നടത്തിയത്.
20 കാവുകളിലായി നടത്തിയ പഠനത്തില്‍ മരങ്ങള്‍, കുറ്റിച്ചെടികള്‍, ഔഷധങ്ങള്‍, പടര്‍ന്നുകയറുന്ന വള്ളികള്‍ ഉള്‍പ്പെടെ 185 തരം വ്യത്യസ്ത സസ്യവര്ഗങ്ങളെയാണ് കണ്ടെത്തിയത്.
ഇതിനുമുമ്പ് മലപ്പുറം ജില്ലയില്‍ മാത്രം കണ്ടെത്തിയിട്ടുള്ള കാഞ്ഞിരപ്പുളി, 300 വര്‍ഷം പഴക്കമുള്ള പൂഞ്ഞാവള്ളി, കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം കാണപ്പെടുന്ന ശൂരമ്പുന്ന എന്നറിയപ്പെടുന്ന മാമ്മിയ സുരിഗ എന്ന വൃക്ഷം പശ്ചിമഘട്ടമേഖലയില്‍ കാണപ്പെടുന്ന ചേര്, മംഗലപ്പാല തുടങ്ങിയ വൃക്ഷങ്ങളും ഇതില്‍പെടുന്നു.
വി.സി. ബാലകൃഷ്ണന്, പി. സുമന് അടുക്കത്ത് വയല്‍, മോഹനന് മാങ്ങാട്, പി. ഓമന, ബിന്ദു കല്ലത്ത്, ശ്രീജ പുരുഷോത്തമന്, ജഗദീഷ് ആറാട്ടുകടവ്, ബി.എം.സി കോഓഡിനേറ്റര്‍ പി. മുകുന്ദന് എന്നിവരടങ്ങിയ സംഘമാണ് കാവുഗ്രാമം പദ്ധതി രേഖക്കാവശ്യമായി ജൈവവൈവിധ്യ പഠനം നടത്തിയത്. പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ കാവുസംരക്ഷകരുടെ സജീവ പങ്കാളിത്തത്തോടെ ഡോ. ഇ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ശില്പശാലയും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

