വാക്കും വരയും ബാക്കിയായി; ബിജു കാഞ്ഞങ്ങാട് യാത്രയായി
text_fieldsകാസർകോട്: ‘കവിയായ് നീ വരക്കുന്നു, കവിയ വർണ വിസ്മയം, ചിത്രമായ് നീ കവിക്കുന്നു കവിത ധ്വനി സാന്ദ്രണം. വാക്കും വരയും ചേർന്നുള്ള വാഗർഥ രസപൂരണം മൗനത്തിങ്കലൊളിച്ചുള്ള സ്വരസംഗീത സാധകം’, അകാലത്തിൽ പൊലിഞ്ഞുപോയ കവി ബിജു കാഞ്ഞങ്ങാടിനെക്കുറിച്ച് അദ്ദേഹം ജീവിച്ചിരിക്കെ തന്നെ കവി ദിവാകരൻ വിഷ്ണുമംഗലം 2018ൽ എഴുതിയ കവിത ‘ഉറവിട’ത്തിൽ നിന്നുള്ള വരികളാണിത്. കവിതയും ചിത്രവും ഭാവാത്മകമായി മേളിച്ച ബിജുവിന്റെ ജീവിതത്തെക്കുറിച്ചുള്ള വരികളാണിവ. ഈണവും താളവും തേടി കവികൾ പായുന്ന കാലത്ത് വാക്കുകളും ഭാവനകളും കായ്ക്കുന്ന കവിതയായി തന്നെ വിളമ്പിയ ബിജു വർണങ്ങൾകൊണ്ട് മറുവശത്ത് സംഗീതം തീർത്തു. ഒരു കവി മറ്റൊരു കവിക്ക് കവിതയായി മാറാനിടയായ ജീവിതമാണ് ബിജു കാഞ്ഞങ്ങാടിന്റേത്. സാഹിത്യത്തിലെ തലമുറമാറ്റം ഏറ്റെടുക്കാൻ ഈറനണിഞ്ഞിരിക്കേണ്ട ബിജു കാഞ്ഞങ്ങാടിന്റെ അകാലത്തിലുള്ള യാത്ര സഹിക്കാനും ഉൾക്കൊള്ളാനും കഴിയാതെ വിങ്ങിപ്പൊട്ടുകയാണ് എഴുത്തുലോകം.
2005ൽ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തു. ചെറിയ ജീവിത കാലയളിവനുള്ളിൽ അദ്ദേഹത്തിന്റെ കവിതകൾ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട് (കവിതകൾ), ജൂൺ (പ്രണയ കവിതകൾ), ഉച്ചമഴയിൽ (കവിതകൾ), വെള്ളിമൂങ്ങ (രണ്ട് ദീർഘ കവിതകൾ), പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത് (കവിതകൾ), ഉള്ളനക്കങ്ങൾ (പ്രണയ കവിതകൾ), വാക്കിന്റെ വഴിയും വെളിച്ചവും(പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നീ കൃതികൾ ബിജുവിന്റേതായുണ്ട്. മഹാകവി പി.സ്മാരക യുവകവി പ്രതിഭ പുരസ്കാരം (2013), മൂടാടി ദാമോദരൻ സ്മാരക കവിത പുരസ്കാരം (2015), പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം (2017) എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
നെഹ്റു കോളജ് കാവ്യോത്സവത്തിൽ സാഹിത്യ അക്കാദമി അംഗം ഇ.പി.രാജഗോപാലൻ, കവി ദിവാകരൻ വിഷ്ണുമംഗലം തുടങ്ങിയവർക്കൊപ്പം ബിജു കാഞ്ഞങ്ങാട് (ഫയൽ ചിത്രം)
കവിതയുടെയും ചിത്രകലയുടെയും ഏറ്റവും നൂതനമായ സ്പന്ദനമറിയുന്ന വലിയ കവിയും ചിത്രകാരനുമാണ് ബിജു കാഞ്ഞങ്ങാട് എന്ന് കവി ദിവാകരൻ വിഷ്ണുമംഗലം അനുസ്മരിച്ചു. ഏത് കവിത എഴുതുമ്പോഴും ആദ്യം ഞാൻ ബിജുവിനെ വായിച്ചു കേൾപ്പിക്കും. എന്റെ കവിതയിലെ തെറ്റുകുറ്റങ്ങൾ പറഞ്ഞുതരാനും കൂടെ നടക്കാനും ബിജുവുണ്ടായിരുന്നു. ഒരു നല്ല പുസ്തകം വായിച്ചാൽ, സിനിമ കണ്ടാൽ, സംഗീതമോ ചിത്രമോ ആസ്വദിച്ചാൽ ഉടനെയുണ്ടാകും ഫോൺ വിളികൾ, സർഗാത്മക സംവാദങ്ങൾ. അനാഥമാക്കിപ്പോയ വഴികളിൽ നോക്കിയിങ്ങനെ പകച്ചുനിൽക്കാനല്ലാതെ മറ്റൊന്നുമാവുന്നില്ല’-അദ്ദേഹം പറഞ്ഞു.
കവിതയും ചിത്രകലയും ഒരുമിച്ചുകൊണ്ടുപായ എഴുത്തുകാരനാണ് ബിജു കാഞ്ഞങ്ങാട് എന്ന് നോവിലിസ്റ്റ് അംബികാസുതൻ മാങ്ങാട് പറഞ്ഞു. മഞ്ഞ ചിത്രകലയും കാവ്യകലയും സമ്മേളിക്കുന്ന പുസ്തകം. വാൻഗോഗിന്റെ ഓരോ ചിത്രങ്ങൾക്ക് ഓരോ കവിത എന്ന നിലയിൽ പ്രകൃതിയുടെ സുക്ഷ്മ ഭാവ വിന്യാസങ്ങളെ ആരായുന്ന മലയാളത്തിലെ ആദ്യപുസ്തകമാണ് മഞ്ഞ. വളരെ അപൂർവമായ പുസ്തകം. ബിജുവിന്റെ വിയോഗം അഗാധമായ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

