ബേക്കൽ ഫോർട്ട് റെയിൽവേ വികസനം: സ്റ്റേ നീക്കാൻ സ്വകാര്യ വ്യക്തി തയാറായില്ല
text_fieldsബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ പണിയുന്ന റെയിൽവേ അതിഥി മന്ദിരം രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും റെയിൽവേ ഉദ്യോഗസ്ഥരും പരിശോധിക്കാനെത്തിയപ്പോൾ
പള്ളിക്കര: ബേക്കൽ ടൂറിസം പദ്ധതി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ പണിയുന്ന റെയിൽവേ അതിഥിമന്ദിരത്തിനെതിരെ സ്റ്റേ നീക്കം ചെയ്യാൻ സ്വകാര്യ ഹോട്ടൽ ഉടമ തയാറായില്ല. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി വിളിച്ചുചേർത്ത റെയിൽവേ അധികൃതരുടെയും ബേക്കൽ ഫോർട്ട് റെയിൽവേ വികസന കർമസമിതിയുടെയും യോഗം പരാതിക്കാരനുമായി ചർച്ച നടത്തി.
റെയിൽവേ സ്ഥലത്തുനിന്ന് 30 മീറ്റർ സ്ഥലത്തിനുള്ളിൽ സ്വകാര്യവ്യക്തിക്ക് കെട്ടിടം പണിയാൻ റെയിൽവേ അനുമതി വേണമെന്നിരിക്കെ അനുമതി ലഭിക്കാതെ കെട്ടിടം പണിയുന്നതായി കണ്ടെത്തി. ഇത് മറച്ചുവെച്ച് റെയിൽവേയുടെ നിർമാണ പ്രവൃത്തി തടയാൻ സ്റ്റേ ഉത്തരവ് വാങ്ങുകയായിരുന്നു സ്വകാര്യവ്യക്തി. ഇത് ബേക്കൽ ഫോർട്ട് റെയിൽവേ വികസനത്തിന് തടസ്സമായി. ഇക്കാര്യം പാലക്കാട് റെയിൽ അധികൃതർ എം.പിയുടെ ശ്രദ്ധയിൽ പെടുത്തിയതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ ബേക്കൽ ഫോർട്ട് റെയിൽവേ പരിസരത്ത് യോഗംവിളിച്ചെങ്കിലും പരാതിക്കാരൻ പ്രശ്നപരിഹാരത്തിന് തയാറായില്ല.
ഭാവിപരിപാടി ആസൂത്രണം ചെയ്യാനും കോടതി നടപടി സ്റ്റേ നീക്കാൻ റെയിൽവേ റീജനൽ അസിസ്റ്റന്റ് എൻജിനീയർ വിവാസ് പാഷാൻ, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരോട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു. തന്റെ കെട്ടിടത്തിന് കാഴ്ച മറക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്വകാര്യവ്യക്തി കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയതെന്നാണ് കർമസമിതി ആരോപിക്കുന്നത്.
മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ, പഞ്ചായത്ത് പ്രസിഡന്റ് ശോഭന, വൈസ് പ്രസിഡന്റ് റഷീദ എന്നിവർ സംസാരിച്ചു. കർമസമിതി ഭാരവാഹികളായ കെ.ഇ.എ. ബക്കർ, എം. കുമാരൻ. എം.എ. ലത്തീഫ്, പി.കെ. അബ്ദുല്ല, പി.കെ. അബ്ദുറഹിമാൻ, ടി. സുധാകരൻ, സിദ്ദീഖ് പള്ളിപ്പുഴ, രാജേഷ് പള്ളിക്കര, ഗംഗാദരൻ തച്ചങ്കാട്, വാസു കൂട്ടക്കാനി, മവ്വൽ കുഞ്ഞബ്ദുല്ല, അബ്ദുറഹിമാൻ നരിമാടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

