Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബീരിച്ചേരി റെയിൽവേ...

ബീരിച്ചേരി റെയിൽവേ മേൽപാലത്തിന് അനുമതിയായി

text_fields
bookmark_border
ബീരിച്ചേരി റെയിൽവേ മേൽപാലത്തിന് അനുമതിയായി
cancel
camera_alt

നിർദിഷ്ട ബീരിച്ചേരി മേൽപാലം വരുന്ന പ്രദേശത്തിന്റെ ആകാശദൃശ്യം

തൃക്കരിപ്പൂർ: ബീരിച്ചേരി ഗേറ്റിൽ റെയിൽവേ ഓവർബ്രിഡ്ജ് നിർമിക്കുന്നതിനുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് റെയിൽവേ അംഗീകരിച്ചതായി ദക്ഷിണ റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനീയർ രഘുപതി കൃഷ്ണമൂർത്തി കണ്ണൻ അറിയിച്ചു. റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതോടൊപ്പം വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാനും കോർപറേഷന് അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ 2018-19 ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ ചെലവുകൾ ഉൾപ്പടെ കിഫ്ബിയിൽ നിന്ന് 28.23 കോടി അനുവദിച്ച് സാമ്പത്തികാനുമതി നൽകിയിരുന്നു.

നിർമാണച്ചെലവ് 23.46 കോടിയും ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനും 4.76 കോടിയുമാണ് കണക്കാക്കുന്നത്. ഏകദേശം 95 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി എട്ടു വാസസ്ഥലങ്ങളും 10 വ്യാപാരസ്ഥാപനങ്ങളും ഏറ്റെടുക്കേണ്ടിവരും. 439.46 മീറ്റർ നീളമുള്ള ഈ മേൽപാലത്തിൽ 7.5 മീറ്റർ വീതിയുള്ള കാറേജ് വേയും ഫൂട്പാത്തും ക്രാഷ് ബാരിയറും ഉൾപ്പെടെ 10.2 മീറ്റർ ആകെ വീതിയും ഉണ്ടായിരിക്കും. ഇരുവശങ്ങളിലും ഒരുമീറ്റർ ഓവുചാലുകളുള്ള അഞ്ചു മീറ്റർ വീതിയിലുള്ള സർവിസ് റോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

2019 മാർച്ച് രണ്ടിനാണ് ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് റെയിൽവേക്ക് സമർപ്പിച്ചത്. ഭൂമി ഏറ്റെടുക്കലിനായുള്ള അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ, ജി.എ.ഡി അംഗീകാരം ലഭിക്കാത്തതിനാൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിരുന്നില്ല. തുടർന്ന് പദ്ധതി സെമി ഹൈസ്പീഡ് റെയിൽ (സിൽവർ ലൈൻ) പദ്ധതിയുടെ അലൈൻമെന്റിൽ ഉൾപ്പെടുന്നതായി അറിയിച്ചു. സിൽവർ ലൈൻ അലൈൻമെന്റിന് റെയിൽവേ ബോർഡിന്റെ അന്തിമ അംഗീകാരം ലഭിക്കുന്നതുവരെ ബന്ധപ്പെട്ട മേൽപാലങ്ങളുടെ അനുമതി പരിഗണിക്കാനാകില്ലെന്ന നിലപാട് റെയിൽവേ സ്വീകരിച്ചു. പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടർന്നെങ്കിലും കുരുക്കുകൾ അഴിഞ്ഞില്ല. പുതിയ ഉപാധികൾ റെയിൽവേ മുന്നോട്ടുവെച്ചു. തുടർന്നാണ് വ്യാപാരികളുടെ നേതൃത്വത്തിൽ ബഹുജന പ്രക്ഷോഭം ആരംഭിക്കുന്നത്. പാലക്കാട്ട് റെയിൽവേ ആസ്ഥാനത്ത് ധർണയും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു.

പദ്ധതിയുടെ ജി.എ.ഡി പുതുക്കുന്നതിനും അലൈൻമെന്റ് അന്തിമപ്പെടുത്തുന്നതിനുമായി കൺസൽട്ടന്റിനെ നിയമിക്കുകയും തുടർന്ന് നിരവധി ഘട്ടങ്ങളിൽ പുതുക്കിയ ജി.എ.ഡി റിപ്പോർട്ടുകൾ റെയിൽവേക്ക് സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല. 2024ലും 2025ലും പലവട്ടം തിരുത്തലുകൾ നടത്തി സമർപ്പിച്ചു. റെയിൽവേയുടെ നിർദേശങ്ങൾ പ്രകാരം ജി.എ.ഡി വീണ്ടും പുതുക്കുകയും ചെയ്തു. തുടർന്ന് പദ്ധതിയുടെ വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കാൻ റെയിൽവേ നിർദേശം ലഭിച്ചു.

പദ്ധതിയുടെ പൂർത്തീകരണം തൃക്കരിപ്പൂർ പ്രദേശത്തെ ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിർണായകമായ സംഭാവന നൽകുമെന്ന് എം.രാജഗോപാലൻ എം.എൽ.എ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsoverbridgeKasargod News
News Summary - Beericherry railway overbridge approved
Next Story