ജില്ല കടന്ന് ബേഡകം തെങ്ങിന്‍തൈകള്‍; ലക്ഷ്യംകണ്ട് പദ്ധതി
text_fieldsബേഡകം തെങ്ങിന്‍തൈകള്‍
കാസർകോട്: ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ തനത് തെങ്ങിനത്തിന്റെ സംരക്ഷണവും വിപുലീകരണവും ലക്ഷ്യമിട്ട് ബേഡഡുക്ക ഗ്രാമപഞ്ചായത്തും കാറഡുക്ക ബ്ലോക്കും കാസര്‍കോട് ജില്ല പഞ്ചായത്തും സംയുക്തമായി ആവിഷ്കരിച്ച ബഹുവര്‍ഷ പദ്ധതി ഫലപ്രാപ്തിയിലേക്ക്. ഇതുവരെ 3500ല്‍ കൂടുതല്‍ തൈകളാണ് മറ്റു ജില്ലകളിലേക്ക് കയറ്റുമതി ചെയ്തത്.
ജനിതകമേന്മയുള്ള ബേഡകം ഇനത്തെ സംരക്ഷിച്ച് ഉൽപാദനക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യം. നാളികേര കൃഷിയില്‍ ഗുണമേന്മയുള്ള തെങ്ങിന്‍തൈകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ബേഡകം വിത്തുതേങ്ങ സംഭരണവും തെങ്ങിന്‍തൈ വിതരണവും കര്‍ഷകര്‍ക്ക് ഉപകാരപ്രദമാവുന്നു.
വര്‍ഷത്തില്‍ ഗുണമേന്മയുള്ള തെങ്ങിന് തൈകളുടെ ഉൽപാദനം സാധ്യമാകുന്നതിനോടൊപ്പം വിവിധ ജില്ലകളിലേക്ക് കയറ്റിയയക്കുകയും ചെയ്യുന്നു. നാളികേര കൃഷിയുടെ അടിസ്ഥാനഘടകമായ ഗുണമേന്മയുള്ള തെങ്ങിന്‍തൈകളുടെ ലഭ്യതക്കുറവ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പരിപാലനക്ഷമമായ തനതിനങ്ങളുടെ സംരക്ഷണവും വിപുലീകരണവുമാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത.
കാസര്‍കോട്ടെ ബേഡഡുക്ക, മുന്നാട്, കൊളത്തൂര്‍ എന്നീ പ്രദേശങ്ങളില്‍ കര്‍ഷകര്‍ പരമ്പരാഗതമായി വികസിപ്പിച്ചെടുത്ത പ്രാദേശിക തെങ്ങിനമാണ് ബേഡകം തെങ്ങ്. ഉയര്‍ന്ന ഉൽപാദനശേഷിയുള്ള ഈ ഇനം ജില്ലയിലെ കാലാവസ്ഥക്ക് അനുയോജ്യവും കുറഞ്ഞ പരിചരണത്തിലും മികച്ച വിളവ് നല്‍കുകയും ചെയ്യുന്നു.
പദ്ധതിയുടെ വിജയത്തിനായി കര്‍ഷകരെ സജ്ജരാക്കാന്‍ വിവിധ നടപടികള്‍ നടപ്പിലാക്കിവരുകയാണ്. കര്‍ഷകരെ പദ്ധതിയില്‍ പങ്കെടുപ്പിക്കുന്നതിനായി പ്രത്യേക രജിസ്ട്രേഷന് നടപ്പിലാക്കുകയും കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ സഹകരണത്തോടെ ബേഡകം തെങ്ങിനെക്കുറിച്ചുള്ള ബോധവത്കരണ-പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തുവരുന്നുണ്ട്.
വിത്തുതേങ്ങ സംഭരിക്കല്, സൂക്ഷിക്കല്‍, നഴ്സറി ഒരുക്കല്‍, വിത്തുതേങ്ങ പാകല്‍, തൈ പരിപാലനം എന്നീ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനകം നിരവധി ഗുണമേന്മയുള്ള ബേഡകം തെങ്ങിന്‍തൈകള്‍ കര്‍ഷകര്‍ക്കായി തയാറാക്കിക്കഴിഞ്ഞു. കൂടുതല്‍ കര്‍ഷകര്‍ ഈ പദ്ധതിയുടെ ഭാഗമാകുകയും ഉല്പാദനക്ഷമത മെച്ചപ്പെടുകയും ചെയ്യുന്നത് കര്‍ഷക സമൂഹത്തില്‍ പ്രതീക്ഷയുയര്‍ത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

