നേന്ത്രക്കായ വില റെക്കോഡിലേക്ക്
text_fieldsകുമ്പളയിലെ പഴവർഗ വിപണി
കാസർകോട്: സർവകാല റെക്കോഡിലേക്ക് നേന്ത്രക്കായ. റമദാൻ അടുത്തപ്പോൾ വില ഇതാണെങ്കിൽ റമദാനിൽ എങ്ങനെയാകുമെന്നാണ് സാധാരണക്കാരുടെ ആശങ്ക. പൊതുവിപണിയിൽ 80 മുതൽ 85 രൂപവരെയാണ് ഞായറാഴ്ച നേന്ത്രക്കായ വില. നഗര- ഗ്രാമ പ്രദേശങ്ങളിലൊക്കെ പഴവർഗങ്ങൾക്ക് വിലക്കയറ്റത്തിന്റെ സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ലക്ഷ്യം അടുത്തമാസം തുടങ്ങാനിരിക്കുന്ന റമദാൻ വിപണി തന്നെയാണ്.
മൊത്ത പൊതു വിപണിയിൽ തന്നെ ഞായറാഴ്ച 60 മുതൽ 70 രൂപവരെ ആയിരുന്നു നേന്ത്രക്കായയുടെ വില. അതുപോലെ കദളിപ്പഴത്തിനും വില 70ൽ എത്തി നിൽക്കുന്നുണ്ട്. മൈസൂർ പഴത്തിന് മാത്രം 60 രൂപയാണ് ഈടാക്കുന്നത്. നേന്ത്രക്കായക്ക് റെക്കോഡ് വില ആദ്യമായിട്ടാണെന്ന് പഴം-പച്ചക്കറി വ്യാപാരികൾ പറയുന്നു. 2023ൽ ഇതേ കാലയളവിൽ നേന്ത്രക്കായക്ക് 70 വരെ എത്തിയിരുന്നു. 2024 ഓണവിപണിയിൽ 60, 65 വിലയിൽ പഴം ലഭിക്കുമായിരുന്നു. തമിഴ്നാട്ടിലെ ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള കൃഷിനാശത്തിൽനിന്ന് കർഷകർ ഇതുവരെ മുക്തരായിട്ടില്ല.
2.11 ഹെക്ടർ കൃഷിനാശമാണ് തമിഴ്നാട്ടിൽ ഉണ്ടായത്. ഇതുതന്നെയാണ് വില ഉയരാനുള്ള കാരണമാകുന്നതെന്ന് വ്യാപാരികൾ പറയുന്നു.
കേരളത്തിലേക്ക് പ്രധാനമായും നേന്ത്രക്കായ എത്തുന്നത് തമിഴ്നാട്ടിലെ തേനി, കൃഷ്ണഗിരി, നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, പൊള്ളാച്ചി ജില്ലകളിൽ നിന്നാണ്. നേന്ത്രക്കായയുടെ വില വർധനയോടെ ചിപ്സ് ഉൾപ്പെടെയുള്ള അനുബന്ധ ഉൽപന്നങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. ഇത് ചിപ്സ് ഉൽപാദകരെയും പ്രതിസന്ധിയിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

