വിഷുവിന് ‘ബല്ല റൈസ്’ റെഡി
text_fieldsബല്ല വില്ലേജ് കമ്മിറ്റിക്ക് കീഴിലുള്ള ബല്ല കൃഷിക്കൂട്ടത്തിന്റെ കൊയ്ത്തുത്സവം
കാഞ്ഞങ്ങാട്: മണ്ണറിഞ്ഞ് പണിയെടുത്താൽ പൊന്നുവിളയുമെന്ന് തെളിയിക്കുകയാണ് കാഞ്ഞങ്ങാട്ടെ ഒരുകൂട്ടം കൃഷിസ്നേഹികൾ. കാഞ്ഞങ്ങാട് നഗരസഭയിലെ അടമ്പിൽ വാർഡിൽ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ ബല്ല വില്ലേജ് കമ്മിറ്റിക്ക് കീഴിലുള്ള ‘ബല്ല കൃഷിക്കൂട്ടം’ തങ്ങളുടെ മൂന്നാം വിളവെടുപ്പിന്റെ ആവേശത്തിലാണ്. ചെമ്മട്ടംവയൽ കുറ്റിക്കാൽ ബല്ല പാടശേഖരത്തിലെ കുറ്റിക്കാൽ വയലിൽ നടന്ന കൊയ്ത്തുത്സവം നാടിന്റെ ആഘോഷമായി.
പ്രവാസികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ മണ്ണ് കൈവിടാത്ത 23 പേരുടെ നിശ്ചയദാർഢ്യമാണ് വിജയത്തിന് പിന്നിൽ. സർക്കാർ ജീവനക്കാർ, ഐ.ടി പ്രഫഷനലുകൾ, പ്രവാസികൾ, വ്യാപാരികൾ എന്നിവർ കർഷകർക്കൊപ്പം തോളോടുതോൾ ചേർന്നാണ് വിത്തിട്ടത്. നാട്ടുകാരുടെ പരിപൂർണ പിന്തുണയും കൃഷിക്കൂട്ടത്തിനുണ്ട്. വെറും കൃഷി എന്നതിലുപരി, പാടത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും നീക്കംചെയ്ത് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടായിരുന്നു ഇവരുടെ തുടക്കം.
വിഷുവിന് ‘ബല്ല റൈസ്’ എത്തും:
കഴിഞ്ഞ നവംബറിൽ നട്ട ‘പൗർണമി’ ഇനം നെല്ലാണ് ഇപ്പോൾ കൊയ്ത്തിന് പാകമായത്. വിഷുവിന് വിഷരഹിതമായ തനി നാടൻ അരി മലയാളികൾക്ക് എത്തിക്കുക എന്നതാണ് കൃഷിക്കൂട്ടത്തിന്റെ ലക്ഷ്യം. ‘ബല്ല റൈസ്’ എന്ന പേരിൽ ബ്രാൻഡ്ചെയ്ത അരിക്ക് വിപണിയിൽ വലിയ പ്രിയമാണുള്ളത്.
ഉത്സവാന്തരീക്ഷത്തിൽ കൊയ്ത്തുത്സവം:
കൊയ്ത്തുത്സവം കണ്ണൂർ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൃഷിക്കൂട്ടം പ്രസിഡന്റ് പി. തമ്പാൻ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ കെ. ബാലകൃഷ്ണൻ, കെ.വി. രതീഷ്, എ. പ്രദീപ് കുമാർ, എൻ. ഗോപി, എൻ. മുരളി, മധു കവ്വായി എന്നിവർ സംസാരിച്ചു. കൃഷിക്കൂട്ടം സെക്രട്ടറി എം. മനോജ് കുമാർ സ്വാഗതവും കെ.വി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

