മഹാനവമി ദിനത്തിെൻറ ഭാഗമായി ബജ്റംഗ്ദൾ പ്രവർത്തകർ ത്രിശൂൽ ദീക്ഷ നടത്തി
text_fieldsവിശ്വഹിന്ദു പരിഷത്തിെൻറ കദ്രിയിലെ ഓഫിസില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകർക്കായി സംഘടിപ്പിച്ച ‘ത്രിശൂൽ ദീക്ഷ’ പരിപാടി
മംഗളൂരു: മഹാനവമി ദിനത്തിെൻറ ഭാഗമായി ദക്ഷിണ കന്നഡ ജില്ലയിലെ വിവിധയിടങ്ങളിൽ ബജ്റംഗ്ദൾ 'ത്രിശൂൽ ദീക്ഷ' നടത്തി. മംഗളൂരുവിലെ വിശ്വഹിന്ദു പരിഷത്തിെൻറ കദ്രിയിലെ ഓഫിസിലും ബജ്റംഗ്ദള്‍ പ്രവര്‍ത്തകർക്ക് 'ത്രിശൂല്‍ ദീക്ഷ' നടത്തി. ഇതുസംബന്ധിച്ച് മംഗളൂരു പൊലീസ് കമീഷണര്‍ എന്‍. ശശികുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ത്രിശൂല്‍ പൂജ നിയമത്തിന് എതിരാണോ എന്ന് പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ പറഞ്ഞു. വി.എച്ച്.പി മംഗളൂരു ഡിവിഷന് സെക്രട്ടറി ശരണ്‍ പമ്പ്വെല്‍, ബജ്റംഗ്ദള്‍ നേതാവ് രഘു സകലേഷ്പുർ എന്നിവരുടെ നേതൃത്വത്തിലാണ് ആയുധപൂജ നടന്നത്. ബണ്ട്വാൾ,പുത്തൂർ തുടങ്ങി ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ 'ത്രിശൂല്‍ ദീക്ഷ' നടത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മംഗളൂരു വി.എച്ച്.പി ഓഫിസിലെ ആയുധപൂജക്ക് ശേഷം 150 ഓളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ത്രിശൂലം നല്‍കുകയും ആയുധം ഉപയോഗിക്കുമെന്ന് പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഇതിെൻറ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
ബജ്റംഗ്ദൾ പ്രവർത്തകർക്ക് ത്രിശൂൽ നൽകിയിട്ടുണ്ട്. തങ്ങളുടെ പ്രവർത്തകരുടെ ആത്മരക്ഷക്കും തങ്ങളുടെ മതത്തിെൻറ സംരക്ഷണത്തിനുമായാണ് നൽകിയിട്ടുള്ളത്. പ്രവർത്തകരിൽ ആത്മവിശ്വാസവും ധൈര്യവും വർധിപ്പിക്കുന്നതിനാണ് തങ്ങൾ ഈ ത്രിശൂൽ ദീക്ഷ സംഘടിപ്പിച്ചതെന്നും എല്ലാ വർഷവും ഇതുപോലെ ബജ്റംഗദൾ പ്രവർത്തകർക്ക് ത്രിശൂൽ നൽകാറുണ്ടെന്നും വിശ്വഹിന്ദു പരിഷത്ത് ഡിവിഷൻ സെക്രട്ടറി ശരൺ പമ്പ്വേൽ മാധ്യമങ്ങളോട് പറഞ്ഞു.