കാട്ടുപന്നി ശല്യത്തിൽ കണ്ണടച്ച് അധികൃതർ; തേറ്റമുനയിൽ വിറച്ച് ജനം
text_fieldsമൊഗ്രാലിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നികൾ
കാസർകോട്: ജില്ലയിൽ പന്നിശല്യം വ്യാപകമാകുമ്പോഴും നടപടിയെടുക്കാതെ മൃഗസംരക്ഷണ വകുപ്പ്. സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങൾക്ക് തടയിടാൻ കേന്ദ്ര-സംസ്ഥാന സർക്കാറും സുപ്രീംകോടതിയും കർശനമായ നിർദേശങ്ങൾ നൽകുമ്പോഴും തുടർനടപടി സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പ് മുന്നോട്ടുവരാത്തത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
കഴിഞ്ഞദിവസമാണ് കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഊജംപാടിയിലെ അഖിൽ സി. രാജുവിനെയാണ് കാട്ടുപന്നി ആക്രമിച്ചത്. ബൈക്കിൽ വരുകയായിരുന്ന അഖിലിന്റെ വാഹനം കാട്ടുപന്നികൾ കൂട്ടമായി വന്ന് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം കുമ്പള പെർവാഡ് സ്വദേശി ഹാരിസ് ബൈക്കിൽ വരവേ പന്നി കുറുകെ ചാടിയതുമൂലം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞതുമൂലം പരിക്കേൽക്കുകയും ജില്ല ആശുപത്രിയിൽ ചികിത്സതേടുകയും ചെയ്തിരുന്നു.
ദേലമ്പാടി, ഊജംപാടി, മഞ്ചേശ്വരം, മൊഗ്രാൽ എന്നീ പ്രദേശങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നതായി നേരത്തെതന്നെ പരാതി ഉയർന്നിരുന്നു. മൊഗ്രാൽ വലിയ നാങ്കി റോഡിലെ കെ. മുഹമ്മദ് കുഞ്ഞി മാഷിന്റെ മൂന്നുവർഷം പ്രായമുള്ള പതിനഞ്ചോളം തെങ്ങിൻതൈകളെ ഏതാനും ദിവസം മുമ്പാണ് നശിപ്പിച്ചത്. കഴിഞ്ഞവർഷവും വീട്ടുപറമ്പുകളിലെ വാഴകളും മറ്റും മൊഗ്രാലിൽ വ്യാപകമായി നശിപ്പിച്ചിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കൃഷിനാശം റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. ഇപ്പോൾ മനുഷ്യർക്ക് നേരെയാണ് ആക്രമണം.
ഇതിന് തടയിടാൻ കൃഷിവകുപ്പിൽനിന്നോ മൃഗസംരക്ഷണ വകുപ്പിൽനിന്നോ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇത്തരത്തിൽ മനുഷ്യർക്കും കൃഷിക്കും ഭീഷണി സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ നിർദേശമുണ്ടെങ്കിലും അതിന് ബന്ധപ്പെട്ടവർ അനുമതി നൽകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ആക്രമണകാരികളായ വന്യജീവികളെ കൊല്ലാമെന്ന് വന്യജീവി സംരക്ഷണഭേദഗതി കരടുബില്ലിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകുകയും ചെയ്തിരുന്നു. പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടൽ വേണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

