മുണ്ട്യത്തടുക്കയിൽ റോഡുവക്ക് കൈയേറാൻ ശ്രമം; റവന്യൂ സംഘം തടഞ്ഞു
text_fieldsറോഡുവക്കിലെ സർക്കാർ സ്ഥലം കൈയേറിയത് റവന്യൂ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
ബദിയടുക്ക: കന്യപ്പാടി മുണ്ട്യത്തടുക്ക ജില്ല പഞ്ചായത്ത് റോഡ് വക്കിലെ സർക്കാർ സ്ഥലം സ്വകാര്യ വ്യക്തികൾ കൈയേറി മതിൽ കെട്ടുന്നത് റവന്യൂ സംഘം തടഞ്ഞു. അവധി ദിവസങ്ങളിൽ നടത്തിയ പ്രവൃത്തി തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള റവന്യൂ സ്ക്വാഡ് തടഞ്ഞ് നടപടിക്ക് റിപ്പോർട്ട് ചെയ്തു. മഞ്ചേശ്വരം താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായ മുഹമ്മദ് ഹാരിസ്, കിരൺ കുമാർ ഷെട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവൃത്തി തടഞ്ഞത്. ക്രിസ്മസ് അവധി ദിവസമായ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
ബാഡൂർ മുഗു വില്ലേജിലെ മൺടമ-ചെന്നകുണ്ടിന്‍റെ ഇടയിൽ ജില്ല പഞ്ചായത്ത് റോഡ് വക്കിലെ സർക്കാർ സ്ഥലം കൈയേറി ചെങ്കല്ലുകൊണ്ട് മതിൽ കെട്ടുകയായിരുന്നു. കാസർകോട് ഗവ. മെഡിക്കൽ കോളജിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാവുന്ന വീതിയുള്ള റോഡാണ് കൈയേറിയത്. മെഡിക്കൽ കോളജിന്റെ വരവോടെ കൂടുതൽ വികസനത്തിന് സാധ്യതയുള്ള റോഡാണിത്. സ്ഥലം മതിൽകെട്ടി സ്വന്തമാക്കാനുള്ള സ്വകാര്യ വ്യക്തിയുടെ പ്രവർത്തിക്കെതിരെ നാട്ടുകാർ നൽകിയ കൂട്ടപരാതിയിലാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി.
ആദ്യം രണ്ട് സ്വകാര്യ വ്യക്തികൾ പഴക്കം ചെന്ന ചെങ്കല്ല് കൊണ്ട് സർക്കാർ സ്ഥലം കൈയേറ്റം നടത്തി താൽകാലികമായി മതിൽകെട്ടിയിരുന്നു. പിന്നീട് അത് സ്ഥിരമാക്കി മാറ്റി. കൈയേറ്റ മതിൽ പൂർണമായും പൊളിച്ചുനീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നടപടി സ്റ്റോപ്പ് മെമ്മോയിൽ ഒതുക്കിയാൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. കൈയേറ്റത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് ഡെപ്യൂട്ടി തഹസിൽദാർ ഹാരിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

