ഭണ്ഡാരം കവർന്ന പ്രതി മണിക്കൂറുകൾക്കകം അറസ്റ്റിൽ
text_fieldsസജിത്ത്
കാഞ്ഞങ്ങാട്: അമ്പലത്തിന്റെ വരാന്തയിൽനിന്ന് ഭണ്ഡാരം കവർന്ന പ്രതി അറസ്റ്റിൽ. ഉദുമ നാലാംവാതുക്കലിലെ സജിത്ത് (40) ആണ് അറസ്റ്റിലായത്. മദ്യ ലഹരിയിലായപ്പോൾ മദ്യഷാപ്പിൽ മോഷണ വിവരം വിളിച്ചു പറയുകയായിരുന്നു. ബേക്കൽ ഡിവൈ.എസ്.പി എം.പി. ആസാദിന്റെ നിർദേശപ്രകാരം നടന്ന അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചക്ക് 12 ഓടെയാണ് കവർച്ചനടന്ന വിവരം അമ്പല ഭാരവാഹികൾ അറിയുന്നത്. ഉദുമ കൊങ്കിണി വളപ്പിൽ അമ്പലത്തിന്റെ ഭണ്ഡാരമാണ് പ്രതി കവർന്നത്.
കെ. രാഘവന്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. ബന്ധുവായ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ സജിത്ത് ഒരുമാസം മുമ്പ് റിമാൻഡിലായിരുന്നു. കുപ്രസിദ്ധ മോഷ്ടാവ് ബളാലിലെ ഹരിഷുമായി സജിത്ത് ജയിലിൽ വെച്ച് സൗഹൃദത്തിലായി. പിന്നീട് സജിത്ത് ജാമ്യത്തിലിറങ്ങി.
കഴിഞ്ഞദിവസം ജയിലിൽനിന്ന് ഹരീഷ് പുറത്തിറങ്ങി. ഇരുവരും ഒത്തുകൂടിയപ്പോഴാണ് മോഷണത്തിന് പദ്ധതിയിട്ടത്. തുടർന്ന് ഭണ്ഡാരം മോഷ്ടിക്കുകയായിരുന്നു. ഭണ്ഡാരത്തിൽനിന്ന് ലഭിച്ചതിൽ 1000 രൂപ സജിത്തിന് നൽകി. ഈ പണം ഉപയോഗിച്ച് മദ്യപിക്കുകയും ലഹരി മൂത്തപ്പോൾ മോഷണക്കാര്യം വിളിച്ചുപറയുകയും ചെയ്തു. കേസിലെ കൂട്ടുപ്രതി ഹരീഷിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മാപ്പുസാക്ഷിയാക്കുമെന്ന് കരുതിയാണ് കുറ്റം ഏറ്റുപറഞ്ഞതെന്ന് സജിത്ത് പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

