ആരിഫിന്റെ മരണം: സഹോദരീ ഭര്‍ത്താവടക്കം മൂന്നു പേര് അറസ്റ്റില്‍
text_fieldsറഷീദ്, സിദ്ദീക്ക്, ഷൗക്കത്തലി
കുമ്പള: മിയാപ്പദവ് മതലക്കട്ടയിലെ ആരിഫി(22)ന്റെ മരണത്തിൽ സഹോദരീ ഭര്‍ത്താവ് ഉൾപ്പടെ മൂന്നു പേര് അറസ്റ്റിൽ. ആറ് പ്രതികളെ പൊലീസ് അന്വേഷിച്ചുവരുകയാണ്. കുഞ്ചത്തൂരിലെ റഷീദ് (23), മഞ്ചേശ്വരം കണ്വതീർഥയിലെ സിദ്ദീഖ് അലി (26), ഷൗക്കത്തലി (29) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളും ബന്ധുക്കളുമായ ആറുപേരെ കൂടി അന്വേഷിക്കുന്നുണ്ട്.
ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. മിയാപ്പദവിന് സമീപം ഒരു സംഘം സംശയാസ്പദമായി വിഹരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ആരിഫിനെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്ത ശേഷം രാത്രി എട്ടുമണിയോടെ റഷീദിന്റെയും മറ്റൊരു ബന്ധുവിന്റെയും കൂടെ പൊലീസ് വിട്ടയച്ചു. സ്റ്റേഷനില്‍ നിന്ന് സ്കൂട്ടറില്‍ പോകുന്നതിനിടെ വഴിയില്‍വെച്ച് ആരിഫ് സ്കൂട്ടറില്നിന്നുചാടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ആരിഫിനെ രണ്ടുപേര്‍ ചേര്‍ന്ന് പിന്തുടര്ന്ന് പിടികൂടി. ബഹളംകേട്ട് ഓടിയെത്തിയ ഏഴംഗ സംഘം ആരിഫിനെ മര്‍ദിച്ചു. രാത്രി 12 മണിയോടെ വീട്ടില്‍ കൊണ്ടുവിട്ടുവെന്നാണ് പൊലീസിനു കിട്ടിയ വിവരം.
അബോധാവസ്ഥയില്‍ മകനെ കണ്ട ആരിഫിന്റെ ഉമ്മ ആമിന ആരാണ് ഇങ്ങനെ മർദിച്ചതെന്ന് ചോദിച്ചപ്പോള്‍ പൊലീസാണ് മർദിച്ചതെന്നാണത്രെ കൊണ്ടുവിട്ടവർ പറഞ്ഞത്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഈ സംഘത്തോട് ആരിഫിന്റെ ഉമ്മ ആവശ്യപ്പെട്ടപ്പോള്‍ സംഘം ചില കാരണങ്ങള്‍ പറഞ്ഞ് അവിടെ നിന്ന് മുങ്ങുകയായിരുന്നു. ആരിഫിന് ചില ബന്ധുക്കളുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നു. അതിനാലാണ് സ്കൂട്ടറില്‍ കൊണ്ടുപോകുന്നതിനിടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച്ച ഉച്ചയോടെ വീട്ടില്‍ തളർന്നുവീണ ആരിഫിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരിക്കുന്നത്.
ശരീരത്തിന്റെ പകുതിയോളം ഭാഗം അടിയേറ്റ് ചതഞ്ഞിരുന്നു. ഇതോടെ ആരിഫിന്റെ മരണം കൊലപാതകമെന്ന് പറഞ്ഞ് ബന്ധുക്കള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണത്തിനു പിന്നിൽ അടുത്ത ആൾക്കാരാണെന്ന് വ്യക്തമായത്. സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

