അരമനപ്പടി പാലം: നിർമാണം മുടങ്ങിയേടത്തുതന്നെ
text_fieldsഅരമനപ്പടിയിലെ തൂക്കു പാലം, പുതുതായി നിർമിക്കുന്ന പാലത്തിന്റെ തൂൺ നിർമാണം പാതിവഴിയിൽ
മൂളിയാർ: നാട്ടുകാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അരമനപ്പടി പാലത്തിന്റെ നിർമാണം ഒരുവർഷത്തോളമായി പാതിവഴിയിൽ. വികസനപരമായി ഏറെ പിന്നാക്കം നിൽക്കുന്ന പ്രദേശത്ത് പാലത്തിന്റെ നിർമാണം തുടങ്ങിയത് ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. തൂക്കുപാലത്തെ ആശ്രയിച്ചാണ് ഇവിടത്തുകാരുടെ സഞ്ചാരം. സി.എച്ച്. കുഞ്ഞമ്പു മുൻകൈയെടുത്ത് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒരുവർഷം മുമ്പ് 16.30 കോടി രൂപ ചെലവിൽ പാലത്തിന്റെ നിർമാണ പ്രവൃത്തി ആരംഭിച്ചത്.
മൂളിയാര്‍-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അരമനപ്പടി മൊട്ടൽ പയസ്വിനിപുഴക്ക് കുറുകെ ഇരിയണ്ണി ബാവിക്കര ആലൂർ ബേവിഞ്ച റോഡില്‍ അരമനപ്പടിയിലാണ് പുതിയ റോഡ് പാലം നിർമിക്കുന്നത്. ഇവിടെ പുഴവക്കത്ത് രണ്ട് തൂണുകളുടെ ജോലി ആരംഭിച്ചിരുന്നു. അതിന്റെ ജോലിയും പൂർത്തിയായിട്ടില്ല, കോൺക്രീറ്റ് ചെയ്യാനാവശ്യമായ ജെല്ലികളും കമ്പികളും മറ്റും ഇറക്കി വെച്ചിട്ടുമുണ്ട്.
ഈ ജോലി നടന്നുകൊണ്ടിരിക്കെയാണ് ഒരു മാസം മുമ്പ് നിർമാണ തൊഴിലാളികൾ ജോലി നിർത്തി വെച്ച് പോയിരിക്കുന്നത്. നിർമാണ ജോലി നടക്കാത്തതിനാൽ ജനങ്ങളിപ്പോൾ ആശങ്കയിലാണ്. നിലവില്‍ ജനസഞ്ചാരത്തിനായി വർഷങ്ങൾക്ക് മുമ്പ് ജില്ലപഞ്ചായത്ത് നിർമിച്ച ഒരു തൂക്ക് പാലമാണുള്ളത്. പല സ്ഥലത്തും വിള്ളലുകളും കേടുപാടുകളും സംഭവിച്ചു സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്. വികസനപരമായി വളരെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ ഗ്രാമീണർക്ക് പ്രധാന കേന്ദ്രങ്ങളിലെത്തുന്നതിന് ഏറെ സഹായകരമാകുന്ന പാലത്തിന്റെ നിർമാണമാണ് പാതിവഴിയിൽ കിടക്കുന്നത്.
‘പാലം നിർമാണം വേഗത്തിലാക്കണം’
മൂളിയാർ: നാടിനും നാട്ടുകാർക്കും ഏറെ ഉപകാരപ്പെടേണ്ട പാലം നിർമാണം വേഗത്തിലാക്കണമെന്ന് സാമൂഹിക പ്രവർത്തകൻ ആലൂർ ടി.എ. മഹ്മൂദ് ഹാജി പറഞ്ഞു. ജോലി ത്വരിതപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, ജലവിഭവ മന്ത്രി, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ എം. എൽ. എ, കാസർകോട് ജില്ല കലക്ടർ കെ. ഇമ്പശേഖർ തുടങ്ങിയവർക്ക് നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

