16 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം
text_fieldsകലക്ടർ കെ. ഇമ്പശേഖറിെന്റ സാന്നിധ്യത്തിൽ നടന്ന ജില്ല ആസൂത്രണ സമിതി യോഗം
കാസർകോട്: 16 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്കി. കാസര്‍കോട് നഗരസഭ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്, കുമ്പള ഗ്രാമപഞ്ചായത്ത്, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത്, പടന്ന ഗ്രാമപഞ്ചായത്ത്, കാഞ്ഞങ്ങാട് നഗരസഭ, ചെമ്മനാട് ഗ്രാമപഞ്ചായത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത്, മധൂര്‍ ഗ്രാമപഞ്ചായത്ത്, ചെങ്കള ഗ്രാമപഞ്ചായത്ത്, ബേഡഡുക്ക ഗ്രാമപഞ്ചായത്ത്, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്, പൈവളിഗെ ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്കാണ് അംഗീകാരം നല്‍കിയത്.
ജില്ല ആസൂത്രണ സമിതി യോഗം ഇനിമുതല്‍ എല്ലാമാസവും മൂന്നാമത്തെ വ്യാഴാഴ്ച നടത്തുന്നതിന് ഡി.പി.സി ഹാളില്‍ ചേര്‍ന്ന ജില്ല ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കലക്ടര്‍ കെ. ഇമ്പശേഖര്‍, ഡി.പി.സി അംഗങ്ങളായ ഷാനവാസ് പാദൂര്‍, വി.വി. രമേശന്, കെ. ശകുന്തള, റീത്ത, നജ്മ റാഫി, ഡി.പി.സി സര്‍ക്കാര്‍ നോമിനി സി. രാമചന്ദ്രന്, അസി. കലക്ടര്‍ ദിലീപ് കൈനിക്കര, ജില്ല പ്ലാനിങ് ഓഫിസര്‍ ടി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി തയാറാക്കുമ്പോള്‍ സംയുക്ത പദ്ധതികള്‍ക്ക് മാര്‍ഗ നിർദേശങ്ങള്‍ തയാറാക്കാന്‍ ഡി.പി.സി അംഗം വി.വി. രമേശന്, കില ഫാക്കല്‍റ്റി അംഗം കണ്ണന് നായര്‍ ജില്ല പ്ലാനിങ് ഓഫിസര്‍ എന്നിവരുള്‍പ്പെട്ട കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു.
വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും പദ്ധതി തുക ചെലവഴിക്കുന്നതിനും അടിയന്തര പ്രാധാന്യം നല്‍കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ദ്രവമാലിന്യ സംസ്കരണ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും നിർവഹണ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും ഡി.പി.സി യോഗങ്ങളില്‍ പങ്കെടുക്കണമെന്നും കലക്ടര്‍ പറഞ്ഞു. വാര്‍ഷിക പദ്ധതി ഭേദഗതികള്‍ സമര്‍പ്പിച്ചിട്ടും യോഗത്തില്‍ കാരണമറിയിക്കാതെ പങ്കെടുക്കാതിരുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം തേടുന്നതിന് കലക്ടര്‍ നിർദേശം നല്കി.
18 തദ്ദേശ ഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതി യോഗം പരിഗണിച്ചു. നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി കാഞ്ഞങ്ങാട് നഗരസഭയുടെ സമഗ്രമായ ജി.ഐ.എസ് മാപ്പിങ് നടത്തുന്നതിനുള്ള 6667000 രൂപയുടെ പദ്ധതിക്കും യോഗം അംഗീകാരം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

