വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിൽ; ഭീതിയോടെ യാത്രക്കാർ
text_fieldsചെറുവത്തൂർ: കാസർകോട് ചെറുവത്തൂരിലെ വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് മണ്ണിടിഞ്ഞത്. ഇതിനെ തുടർന്ന് വെള്ളം കുത്തിയൊലിച്ച് ദേശീയ പാതയിലേക്കെത്തുകയുംചെയ്തു. റോഡിൽ മണ്ണും ചളിയും എത്തുന്നതിന് തടയിട്ടിട്ടുണ്ടെങ്കിലും ഇതുവഴിയുള്ള യാത്ര ഭീതിജനകമാവുകയാണ്. ദേശീയപാത നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലാണ് കുന്നിടിച്ചിൽ തുടരുന്നത്. കഴിഞ്ഞ മഴക്കാലത്തുണ്ടായ മണ്ണിടിച്ചിലിൽ തലനാരിഴക്കാണ് ഒരു അധ്യാപികയും മറ്റു വാഹനങ്ങളും രക്ഷപ്പെട്ടത്.
മണ്ണിടിച്ചിൽ തുടർന്നാൽ വീരമലക്കുന്നിലെ മണ്ണും കല്ലുമെല്ലാം ദേശീയപാതയിലെത്തും. അതോടെ സ്ഥലത്ത് ഗതാഗതക്കുരുക്ക് രൂപപ്പെടും. മേഘ കൺസ്ട്രക്ഷൻസ് ദേശീയപാത നിർമാണം നടത്തുന്നയിടത്താണ് വീരമലക്കുന്നുള്ളത്. നേരത്തേ തന്നെ ഈ പ്രദേശത്തെ അതീവ ജാഗ്രതാ പട്ടികയിൽ ജില്ല കലക്ടർ ഉൾപ്പെടുത്തിയിരുന്നു.
മഴ വീണ്ടും ആരംഭിച്ചതോടെ കുന്നിടിയാൻ തുടങ്ങിയത് പ്രദേശവാസികളെയും ഇതുവഴി പോകുന്ന വാഹനങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് നിർമാണ കമ്പനി ഈ പ്രദേശത്ത് കൂടുതൽ വെളിച്ചവും നിരീക്ഷണത്തിന് കമ്പനി ജീവനക്കാരെയും നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശീയപാത നിർമാണത്തിലെ അപാകത പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനായി ദേശീയപാത അതോറിറ്റി നിയോഗിച്ച ഉന്നതതല സംഘം വീരമലക്കുന്ന് സന്ദർശിച്ചെങ്കിലും കാര്യമായ പരിശോധന നടത്താതെ തിരിച്ചുപോവുകയായിരുന്നു. ഓരോ മഴക്കാലത്തും ഭീതിയോടെയാണ് ഇവിടത്തെ നാട്ടുകാരും ഇതുവഴിയുള്ള യാത്രക്കാരും കഴിയുന്നത്.
കാഞ്ഞങ്ങാട്ടെ വെള്ളക്കെട്ട് അതിഭീകരം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ വെള്ളക്കെട്ട് അതിഭീകരം. നഗരം മുഴുവൻ പുഴയായി മാറി. എന്തു ചെയ്യണമെന്നറിയാതെ ജനം വലയുകയാണ്. ഇരുചക്ര വാഹനങ്ങൾ വെള്ളത്തിലായി. കാഞ്ഞങ്ങാട് നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ വർഷങ്ങളായി ചെറിയ മഴ പെയ്താൽപോലും കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് മിനിറ്റുകൾക്കുള്ളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയാണ്.
ശാസ്ത്രീയമായ രീതിയിൽ അഴുക്കുചാൽ സംവിധാനം ഒരുക്കിയാൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളൂ. മഴ പെയ്തു വെള്ളം കെട്ടിക്കിടക്കുമ്പോൾ നഗരസഭാ ശുചീകരണ തൊഴിലാളികൾ വന്നു താൽക്കാലികമായി മഴ വെള്ളം ഒഴുക്കിക്കളയുന്നതല്ലാതെ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ നഗരസഭാ അധികാരികൾക്ക് സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ബസ് സ്റ്റാൻഡ് പരിസരത്തെ കടകളിലേക്കടക്കം വെള്ളം കയറുന്ന അവസ്ഥയുണ്ടായി. ദിവസവും നൂറുകണക്കിനാളുകൾ കാൽനടക്കായി ഉപയോഗിക്കുന്ന റോഡിലെ വെള്ളക്കെട്ടിൽ അപകടമുണ്ടായാൽ മാത്രമേ അധികാരികളുടെ കണ്ണ് തുറക്കൂ. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

