രണ്ടര വർഷം മുമ്പ് വീടുവിട്ടിറങ്ങിയ വയോധികനെ തൃശൂരിൽ കണ്ടെത്തി
text_fieldsകൃഷ്ണൻ എമ്പ്രാന്തിരി
നീലേശ്വരം: രണ്ടര വർഷം മുമ്പ് വീടുവിട്ടിറങ്ങിയ വയോധികനെ അമ്പലത്തറ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കരിവെള്ളൂർ സ്വദേശിയും കാലിച്ചാനടുക്കം ആനപെട്ടിയിൽ താമസക്കാരനുമായ കൃഷ്ണൻ എമ്പ്രാന്തിരിയെയാണ് തൃശൂർ സ്നേഹാലയത്തിൽനിന്ന് കണ്ടെത്തിയത്.
2018ലാണ് കൃഷ്ണൻ എമ്പ്രാന്തിരിയെ കാണാതായത്. അൽപം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന കൃഷ്ണൻ നമ്പൂതിരി വല്ലപ്പോഴും വീട്ടിൽനിന്ന് ഇറങ്ങാറുണ്ടെങ്കിലും രണ്ടുദിവസം കഴിഞ്ഞാൽ തിരിച്ചെത്തുമായിരുന്നു. എന്നാൽ, 2018ൽ പോയതിന് ശേഷം തിരിച്ചെത്താത്തതിനാൽ 2019 നവംബറിൽ മകൻ മിഥുൻ അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ കേസെടുത്ത് കഴിഞ്ഞ രണ്ടുവർഷമായി അന്വേഷണം നടത്തിവരുകയായിരുന്നു.
അന്യസംസ്ഥാനങ്ങളിൽ ഉൾപ്പെടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. പഴയ കേസുകൾ അന്വേഷിക്കുന്നതിെൻറ ഭാഗമായി, പുതുതായി ചുമതലയേറ്റ അമ്പലത്തറ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ്.ഐ കെ.ബി. മധുസൂദനൻ മടിക്കൈ എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒമാരായ ഹരീഷ്, ജയചന്ദ്രൻ, ഷിജിത്ത് എന്നിവരുൾപ്പെട്ട സംഘം നടത്തിയ അന്വേഷണത്തിലാണ് നമ്പൂതിരിയെ തൃശൂർ സ്നേഹാലയത്തിൽനിന്നും കണ്ടെത്തിയത്. തുടർന്ന് പൊലീസും ബന്ധുക്കളും ചേർന്ന് കൃഷ്ണൻ നമ്പൂതിരിയെ നാട്ടിലേക്ക് കൊണ്ടുവന്നു. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.