അമീബിക് മസ്തിഷ്കജ്വരം; ജില്ലയിൽ പ്രവർത്തനം ഊർജിതം
text_fieldsകാസർകോട്: ജലമാണ് ജീവന് അമീബിക് മസ്തിഷ്കജ്വരം പ്രതിരോധപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ചേര്‍ന്നു. കലക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷതവഹിച്ചു. യോഗത്തില്‍ ജില്ലയില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ചചെയ്തു. ജില്ലയിലെ എല്ലാ കിണറുകളുടെയും ക്ലോറിനേഷന് ഒക്ടോബര്‍ രണ്ടിനകം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക കാമ്പയിന് സംഘടിപ്പിക്കാനും ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ഥാപനതലത്തില്‍ നടത്തിയ മുന്‍ പരിശോധനയില്‍ അവശേഷിച്ച കിണറുകളുടെ എണ്ണം കണക്കാക്കി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായി.
ജില്ലയിലെ 12 ഹയര്‍സെക്കൻഡറി സ്കൂളുകളിലെ ജലഗുണനിലവാര പരിശോധന ലാബുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. പൊതുസ്ഥാപനങ്ങളിലെ ജലവിതരണ ടാങ്കുകള്‍ ഒക്ടോബര്‍ അഞ്ചിനകം ശുചീകരിക്കണമെന്നും സിവില്‍ സ്റ്റേഷനിലെ ടാങ്ക് ഒക്ടോബര്‍ ഒന്നിന് ശുചീകരിക്കണമെന്നും നിർദേശിച്ചു. ക്ലോറിനേഷന്, ടാങ്ക് ശുചീകരണം, സ്കൂള്‍ അസംബ്ലി തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച ഡേറ്റ ഒക്ടോബര്‍ നാലിനകം സമര്‍പ്പിക്കണം. ജലാശയങ്ങളും നീര്‍ച്ചാലുകളും നവംബര്‍ ഒന്നിനകം ശുചീകരിക്കാന്‍ ജനകീയ കര്‍മപദ്ധതി തയാറാക്കി നടപ്പാക്കാനും യോഗം തീരുമാനിച്ചു.
ഹരിതകേരള മിഷന് ജില്ല കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന്, എല്‍.എസ്.ജി.ഡി ജോ. ഡയറക്ടര്‍ ആര്. ഷൈനി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. സവിത, ജില്ല ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ കെ.കെ. ശാന്തി, ഡി.എം.ഒ ഹെല്‍ത്ത് ടെക്നിക്കല്‍ അസി. എം. ചന്ദ്രന്, നോഡല്‍ ഓഫിസര്‍ ബേസില്‍ വര്‍ഗീസ്, ഐ.ഡി.എസ്.പി ജില്ല എപിഡമിയോളജിസ്റ്റ് ഫ്ലോറി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

