എന്ന് കാണാനാകും ഒരു സിനിമ ?
text_fieldsനീലേശ്വരം: തിയറ്ററിലിരുന്ന് ഒരു സിനിമ കാണാനുള്ള നീലേശ്വരത്തുമാരുടെ മോഹം എന്ന് പൂവണിയും? നിരവധി ചലചിത്രതാരങ്ങൾക്ക് ജന്മംനൽകിയ നീലേശ്വരത്ത് ഒരു തിയറ്റർ ഇല്ലാത്തത് വലിയ പോരായ്മയായാണ് ജനങ്ങൾ കാണുന്നത്. ജില്ലയുടെ കലാസാംസ്കാരിക തലസ്ഥാനമെന്നവകാശപ്പെടുന്ന നീലേശ്വരത്ത് കുടുംബസമേതം ഒരു സിനിമ കാണാൻ ചെറുവത്തൂരിലോ കാഞ്ഞങ്ങാടോ പോകേണ്ട ഗതികേടിലാണ്.
നിത്യാനന്ത, വിജയലക്ഷ്മി, മായ, ശേഖർ എന്നീ നാലു തിയറ്ററുണ്ടായിരുന്ന നീലേശ്വരത്ത് ഇപ്പോൾ ഒരു തിയറ്റർപോലുമില്ല. നഗരസഭ മുൻകൈയെടുത്ത് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനുമായി സഹകരിച്ച് ഒരു തിയറ്റർ സമുച്ചയം കോട്ടപ്പുറത്ത് സർക്കാർ ഭൂമിയിൽ നിർമിക്കാൻ തീരുമാനിച്ചിരുന്നു. അന്നത്തെ ചലച്ചിത്ര കോർപറേഷൻ ചെയർമാൻ പരേതനായ ലെനിൻ രാജേന്ദ്രൻ കോട്ടപ്പുറം സന്ദർശിച്ച് തൃപ്തി രേഖപ്പെടുത്തി രണ്ടു നിലകളിലായി നാലു തിയറ്റർ കോംപ്ലക്സിനായി കോടികളുടെ ഫണ്ട് അനുവദിക്കുകയും ചെയ്തു.
എന്നാൽ, സമീപത്ത് സ്കൂൾ പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞ് ചിലർ എതിർത്തു. തുടർന്ന് കോട്ടപ്പുറത്തെ പദ്ധതി ഉപേക്ഷിച്ചു. എന്നാൽ, വീണ്ടും നഗരസഭ നീലേശ്വരം ചിറപ്പുറം ആലിൻകീഴിൽ റോഡരികിൽ റവന്യൂഭൂമി കണ്ടെത്തി. ചലച്ചിത്ര കോർപറേഷൻ ചെയർമാനായിരുന്ന ഷാജി എൻ. കരുൺ ചിറപ്പുറം ഭൂമി 2022ൽ സന്ദർശിച്ച് തൃപ്തി രേഖപ്പെടുത്തി.
24 കോടി രൂപ ചെലവഴിച്ച് നാല് എ.സി തിയറ്ററുള്ള ആധുനികരീതിയിലുള്ള ബഹുനില കെട്ടിടമാണ് നിർമിക്കാൻ ഉദ്ദേശിച്ചത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും തിയറ്റർ സമുച്ചയംമാത്രം ഉയർന്നുവന്നില്ല. അവസാനമായി ബസ് സ്റ്റാൻഡിനടുത്തുണ്ടായിരുന്ന വിജയലക്ഷ്മി ടാക്കീസ് പൊളിച്ചുനീക്കിയ സ്ഥലത്ത് ഇപ്പോൾ നാലുനില ഷോപിങ് കോംപ്ലക്സാണ് പ്രവർത്തിക്കുന്നത്. ജില്ലയിലെ മൂന്നാമത്തെ നഗരസഭയായിട്ടും ഒരു സിനിമ തിയറ്റർ എന്ന് വരുമെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

