ആഫ്രിക്കൻ പന്നിപ്പനി; 491 പന്നികളെ കൊന്ന് ശാസ്ത്രീയമായി സംസ്കരിച്ചു
text_fieldsആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കാട്ടുകുക്കെ ദേവിമൂലെയിലെ ഫാമിലെ പന്നികളെ
ദയാവധം നടത്തി ശാസ്ത്രീയമായി സംസ്കരിച്ച മൃഗസംരക്ഷണ വകുപ്പ് ടാസ്ക് ഫോഴ്സ് ടീം
കാസർകോട്: ജില്ലയിലെ എൻമകജെ ഗ്രാമപഞ്ചായത്തിലെ കാട്ടുകുക്കെ വില്ലേജിൽ ദേവിമൂലെയിലെ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെയും ദയാവധം നടത്തി ശാസ്ത്രീയമായി സംസ്കരിച്ചു. മൃഗസംരക്ഷണ വകുപ്പ് ടാസ്ക് ഫോഴ്സ് 491 പന്നികളെയാണ് സംസ്കരിച്ചത്. പന്നികളുടെ കൂടും പരിസരവും അഗ്നിരക്ഷാ സേന അണുവിമുക്തമാക്കി.
ഫാമിൽ അസുഖം ബാധിച്ചു ചത്ത പന്നികളെ പെർള മൃഗാശുപത്രി അധികൃതരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി അയച്ച സാമ്പിളുകൾ ഭോപാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ പരിശോധിച്ചാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നത്.
തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരം കാസർകോട് ജില്ല കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഫാമിലുള്ള മുഴുവൻ പന്നികളെയും ദയാവധം നടത്തി സംസ്കരിച്ചത്. പന്നികളിൽ അതിവേഗം പകരുന്നതും ചികിത്സയില്ലാത്തതും മാരകവുമായ ഈ രോഗം നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാഗമായാണ് അവയുടെ ദയാവധവും ശാസ്ത്രീയമായ സംസ്കരണവും നാഷനൽ ആക്ഷൻ പ്ലാൻ പ്രകാരം നടത്തിയത്. കാസർകോട് ജില്ലയിൽ ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്.
മൃഗ സംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി ജില്ല നേതൃത്വം ആവശ്യമായ നടപടികൾ സ്വീകരിച്ചു. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ.ബി. സുരേഷ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി.എം. സുനിൽ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ജയപ്രകാശ്, ആർ.ആർ.ടി ടീം ലീഡർ ഡോ. വി.വി. പ്രദീപ് കുമാർ, പി.ആർ.ഒ ഡോ. എ. മുരളീധരൻ, എ.ഡി.സി.പി കോഓഡിനേറ്റർ ഡോ. എസ്. മഞ്ജു, ഡോ. ബാലചന്ദ്ര റാവു, ഡോ. ജി.കെ. മഹേഷ്, ഡോ. ബ്രിജിറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്. എൻമകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര, പഞ്ചായത്തു ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി തുടങ്ങിയവർ പ്രവർത്തനങ്ങളിൽ ആവശ്യമായ സഹകരണങ്ങൾ നൽകി.
കണ്ണൂരിലെ പന്നിപ്പനി പ്രതിരോധ സേന അംഗങ്ങളായ കള്ളിങ് ടീം ലീഡർ ഡോ. ആൽവിൻ വ്യാസ്, കെ.ആർ. ഉണ്ണികൃഷ്ണൻ എന്നിവർ ടാസ്ക് ഫോഴ്സിനു വേണ്ട നിർദേശങ്ങൾ നൽകി.
മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് പൊലീസ്, അഗ്നിരക്ഷാ സേന, മോട്ടോർ വാഹന വകുപ്പ്, എൻമകജെ ഗ്രാമ പഞ്ചായത്ത്, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ പ്രതിരോധ നടപടികൾ ആർ.ഡി.ഒ എസ്. അതുൽ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

